പ്രതിസന്ധി ഘട്ടങ്ങളിലെ മികച്ച നേതൃപാടവം; ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ് പരമോന്നത ബഹുമതി

പ്രതിസന്ധി ഘട്ടങ്ങളിലെ മികച്ച നേതൃപാടവം; ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ് പരമോന്നത ബഹുമതി

വെല്ലിങ്ടണ്‍: പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച നേതൃപാടവത്തോടെ രാജ്യത്തെ നയിച്ച ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ സമയത്തും കാഴ്ചവച്ച ഭരണമികവിനാണ് ജസീന്ത ആര്‍ഡണെ രാജ്യം ആദരിച്ചത്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ജന്മദിന ബഹുമതികളുടെ ഭാഗമായാണ് ന്യൂസിലന്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ ഡേം ഗ്രാന്‍ഡ് കമ്പാനിയനായി ആര്‍ഡണെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികള്‍ ഞാന്‍ എന്ന ചിന്തയില്‍ നിന്ന് നമ്മള്‍ എന്ന ബോധ്യത്തിലേക്ക് എല്ലാവരെയും എത്തിച്ചതായി ബഹുമതി സ്വീകരിച്ച് ആര്‍ഡണ്‍ പ്രതികരിച്ചു.

രാജ്യത്തിന്റെ ആദരവിന് നന്ദി പറയുന്നതിനൊപ്പം നിരന്തരം പ്രോത്സാഹിപ്പിച്ച കുടുംബാഗങ്ങളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുകയായിരുന്നു അവര്‍. മുന്‍ പ്രധാനമന്ത്രിയുടെ ഭരണകാലം ദേശീയ അന്തര്‍ ദേശീയ പ്രതിന്ധികളുടെ കാലഘട്ടമായിരുന്നുവെന്നും ഈ വെല്ലുവിളികളുടെ സമയത്തും രാജ്യത്തെ നയിച്ചത് ആര്‍ഡന്റെ മികച്ച നേതൃത്വമാണെന്നും പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.

ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണവും കോവിഡ് മഹാമാരിയും വെല്ലുവിളി സൃഷ്ടിച്ചപ്പോഴും ജസീന്ത ആര്‍ഡണ്‍ പതറാതെ രാജ്യത്തെ നയിച്ചു. പിന്നീട് രാജ്യം നേടിയ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുമൊക്കെ ജസീന്ത ആര്‍ഡനെന്ന ഭരണാധികാരിയുടെ മികവാണെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികളുടെ കാലഘട്ടങ്ങളില്‍ ന്യൂസിലന്‍ഡിനോടുള്ള അവരുടെ പ്രതിബദ്ധത താന്‍ നേരിട്ട് കണ്ടു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ജനുവരിയില്‍ അപ്രതീക്ഷിതമായ രാജിക്ക് ശേഷം പൊതു പരിപാടികളില്‍ അധികം ആര്‍ഡണ്‍ പങ്കെടുത്തിരുന്നില്ല. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാണിവര്‍. പാരിസ്ഥിതിക ഇടപെടലുകള്‍ക്ക് അംഗീകാരം നല്‍കുന്ന വില്യം രാജകുമാരന്റെ എര്‍ത്ത്‌ഷോട്ട് പുരസ്‌കാര ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും ആര്‍ഡണ്‍ സജീവമാണ്.

2017ലാണ് ജസീന്ത ആര്‍ഡണ്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആര്‍ഡണ്‍. 2017 ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്ന ആര്‍ഡണ്‍ മൂന്നു വര്‍ഷത്തിനു ശേഷം തന്റെ കക്ഷിയായ ലബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവിടണമെന്ന കാരണം പറഞ്ഞ് ജസീന്ത പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃപദവിയും അപ്രതീക്ഷിതമായി ഒഴിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.