കീവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകർന്നതിന് പിന്നാലെ ദക്ഷിണ ഉക്രെയ്നിൽ വൻ വെള്ളപ്പൊക്കം. ഖേഴ്‌സൺ നഗരത്തിന് ചുറ്റുമുള്ള 24 ഓളം ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഇതിനോടകം 17000 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള മേഖലകളിൽ 16,000 പേർ താമസിക്കുന്നുണ്ടെന്നും ഈ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ഡാമിന് സമീപത്തുള്ള അന്റോണിവ്ക പട്ടണം പൂർണമായും വെള്ളത്തനിടയിലായി. ഇവിടെയുണ്ടായിരുന്നവരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ ഏറ്റവും വലിയ ജനവാസ മേഖലയായ ഖേഴ്‌സൺ നഗത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ അധീനതയിലുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി റഷ്യൻ സേന അറിയിച്ചു. 900 പേരെ ഒഴിപ്പിക്കുന്നതിനായി 53 ബസുകൾ അടിയന്തരമായി എത്തിച്ചിട്ടുണ്ടെന്നും റഷ്യൻ സേന വ്യക്തമാക്കി.
റഷ്യയുടെ നിയന്ത്രണത്തിലുള്ള നദീതീരത്തുള്ള കസ്‌കോവ ഡിബ്രോവ മൃഗശാല പൂർണമായും വെള്ളത്തിനടിയിലായി, 300 മൃഗങ്ങളും ചത്തു. റഷ്യ അണക്കെട്ട് തകർത്തുവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ആരോപിച്ചു. 80 മേഖലകളിൽ വരെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അധികാരികൾ പ്രതീക്ഷിക്കുന്നു. പാശ്ചാത്യ ശക്തികളും നാശനഷ്ടങ്ങൾക്ക് റഷ്യയെ കുറ്റപ്പെടുത്തി, യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മൈക്കൽ ഇതിനെ ‘യുദ്ധക്കുറ്റം’ എന്നാണ് വിശേഷിപ്പിച്ചത്.
സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമ്മിച്ച കൂറ്റൻ ഡാം ആണിത്. തുടർച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജല വിതരണം നടക്കുന്നതും ഈ അണക്കെട്ടിൽ നിന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v