അടിയന്തര ഉദര ശസ്ത്രക്രിയയ്ക്കായി മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടിയന്തര ഉദര ശസ്ത്രക്രിയയ്ക്കായി മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: അടിയന്തര ഉദര ശസ്ത്രക്രിയയ്ക്കായി ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. റോമിലെ സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് ഉദര ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണ സുഖം പ്രാപിക്കുന്നതു വരെ പാപ്പ കുറച്ചു ദിവസത്തേക്ക് ആശുപത്രിയില്‍ തുടരുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ശസ്ത്രക്രിയ നടത്തണമെന്ന് പരിശുദ്ധ പിതാവിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുന്‍പ് ശസ്ത്രക്രിയ നടത്തിയ ഭാഗത്തുണ്ടായ ഹെര്‍ണിയ മൂലം വേദന കൂടിക്കൂടി വന്നതോടെയാണ് പാപ്പയ്ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പതിവു പൊതു സദസ് അവസാനിപ്പിച്ച ശേഷമാണ് മാര്‍പ്പാപ്പയെ റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ അനസ്‌തേഷ്യ നല്‍കിയാണ് ലാപ്രോട്ടമി ശസ്ത്രക്രിയ (വയറ് തുറന്നുള്ള ശസ്ത്രക്രിയ) നടത്തുക.

ശ്വാസകോശ സംബന്ധമായ അണുബാധ സംബന്ധിച്ച തുടര്‍ പരിശോധനകള്‍ക്കായി മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയില്‍ എത്തിയിരുന്നു.

86 വയസുകാരനായ ഫ്രാന്‍സിസ് പാപ്പ മാര്‍ച്ചില്‍ മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് മാര്‍പാപ്പയെ അന്ന് ജെമെല്ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. നാഡി വേദനയും കാല്‍മുട്ടിലെ അസ്ഥികളിലെ വേദനയും കാരണം ഒരു വര്‍ഷത്തിലേറെയായി പാപ്പ വീല്‍ചെയറും വാക്കറും ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.