അമല്‍ജ്യോതി കോളജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

അമല്‍ജ്യോതി കോളജിനെ  ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തില്‍ നിന്ന് തല്‍പര കക്ഷികള്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സാഹചര്യം വേദനാജനകമാണ്. അതിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ അന്വേഷണ വിവരങ്ങള്‍ പൊലീസ് പുറത്തു വിടണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോളജിനെതിരെ നിരന്തരം നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും സംഘടിത സ്വഭാവമുള്ളതും അതില്‍ ഗൂഢാലോചനയുള്ളതും വ്യക്തമാണ്. സര്‍വകലാശാല നിയമമനുസരിച്ച് ക്ലാസില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. ലാബ് ക്ലാസിനിടയില്‍ വിദ്യാര്‍ഥിനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധികൃതര്‍ വാങ്ങി വെച്ച് വീട്ടില്‍ വിവരമറിയിച്ചിരുന്നു.

അതിനെ വളച്ചൊടിച്ച് കോളജ് അധികൃതരെ മോശക്കാരാക്കാനുള്ള ശ്രമം പുറത്തു നിന്നുള്ള തല്‍പര കക്ഷികളുടെ നേതൃത്വത്തില്‍ നടത്തുകയാണ്. അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും സ്ഥാപനങ്ങള്‍ക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

സമാന സംഭവങ്ങളില്‍ ചിലര്‍ കാണിക്കുന്ന താല്‍പര്യക്കുറവും ഈ വിഷയത്തിലുള്ള അമിത താല്‍പര്യവും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ക്രൈസ്തവ സ്ഥാപനങ്ങളോട് ഒരു നിലപാടും മറ്റുള്ളവരുടേതിനോട് മറ്റൊരു നിലപാടും കണ്ടുവരുന്നത് പ്രതിഷേധകരമാണ്.

വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തു വരുന്നതു വരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറി കോളജില്‍ സമാധാനം നിലനിര്‍ത്താന്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമി ഡൊമിനിക് കൊച്ചുപറമ്പില്‍, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, കോട്ടയം അതിരൂപത പ്രതിനിധി തോമസ് പീടികയില്‍, കാഞ്ഞിരപ്പള്ളി രൂപത പ്രതിനിധി സണ്ണിക്കുട്ടി അഴകംപ്രായില്‍ എന്നിവര്‍ പങ്കെടുത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.