ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ നടക്കുന്ന 37-ാമത് ലോക യുവജന ദിനത്തിനായുള്ള (ണഥഉ) ഫ്രാന്‍സിസ് പാപ്പയുടെ യാത്രയുടെയും പോര്‍ച്ചുഗലിലെ കാര്യപരിപാടികളുടെയും വിശദാംശങ്ങള്‍ വത്തിക്കാന്‍ മാധ്യമ കാര്യാലയം പുറത്തിറക്കി. ലിസ്ബണ്‍, കസ്‌കയിസ്, ഫാത്തിമ എന്നീ സ്ഥലങ്ങളില്‍ പാപ്പാ സന്ദര്‍ശനം നടത്തുകയും വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കാനായി ഇതിനകം നാല് ലക്ഷം യുവതീയുവാക്കന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവജനങ്ങളുടെ ആഗ്രഹവും ആവേശവും, തന്നെ അത്യധികം സന്തോഷഭരിതനാക്കുന്നതായി മെയ് ആദ്യ വാരം അവര്‍ക്കായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ ലോക യുവജന ദിനത്തിന്റെ ചിന്താവിഷയമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള, 'മറിയം തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു' (ലൂക്കാ 1:39) എന്ന തിരുവചനഭാഗമാണ്. ദൈവപുത്രന്റെ അമ്മയാകുമെന്ന ദൈവദൂതന്റെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന്, പരിശുദ്ധ കന്യകാമറിയം തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്നതിനായി ഉത്സാഹത്തോടും സന്തോഷത്തോടും കൂടി പുറപ്പെടുന്ന ഭാഗമാണിത്.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 2013-ലാണ് മാര്‍പ്പാപ്പ ആദ്യമായി ലോക യുവജന ദിനത്തിന് നേതൃത്വം നല്‍കിയത്. അതിനു ശേഷം 2016-ല്‍ പോളണ്ടിലെ ക്രാക്കോവിലും 2019-ല്‍ പനാമയിലെ പനാമ സിറ്റിയിലും നടന്ന ലോക യുവജന സംഗമങ്ങള്‍ക്കും പാപ്പാ നേതൃത്വം നല്‍കി. പോര്‍ച്ചുഗീസ് തലസ്ഥാന നഗരിയായ ലിസ്ബണില്‍ കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന 37-ാമത് ലോക യുവജന ദിനമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചത്.
മാര്‍പ്പാപ്പയുടെ യാത്രയുടെ വിശദാംശങ്ങള്‍
ഓഗസ്റ്റ് രണ്ട്: പോര്‍ച്ചുഗലില്‍ എത്തിച്ചേരുന്നു
റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് ഓഗസ്റ്റ് രണ്ടിന് രാവിലെ 7.50-ന് പുറപ്പെടുന്ന മാര്‍പാപ്പ രാവിലെ 10-ന് ലിസ്ബണിലെ ഫിഗോ മഡുറോ എയര്‍ ബേസില്‍ എത്തിച്ചേരും. തൊട്ടുപിന്നാലെ, ബെലേമിലെ നാഷണല്‍ പാലസില്‍ പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് അവിടെയുള്ള സാംസ്‌കാരിക കേന്ദ്രത്തില്‍ സിവില്‍, നയതന്ത്ര പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. 4.45ന് അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5.30 ന് ഡോസ് ജെറോനിമോസിലെ പ്രശസ്തമായ ആശ്രമത്തില്‍ ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിതരായ സ്ത്രീപുരുഷന്മാര്‍, വൈദിക വിദ്യാര്‍ഥികള്‍, മറ്റ് അജപാലക ശുശ്രൂഷകര്‍ എന്നിവരോടൊപ്പം സന്ധ്യാ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.
ഓഗസ്റ്റ് മൂന്ന്: ലോക യുവജന ദിനത്തിന്റെ സ്വാഗത സമ്മേളനം
വ്യാഴാഴ്ച രാവിലെ മാര്‍പ്പാപ്പ പോര്‍ച്ചുഗലിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയുടെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അദ്ദേഹം ലിസ്ബണിന് അടുത്തുള്ള കാസ്‌കയിസില്‍ എത്തി അവിടെയുള്ള 'സ്‌കോളാസ് ഒക്യുറെന്റസിലെ' യുവജനങ്ങളെ അഭിവാദ്യം ചെയ്ത് അവരുമായി സംവദിക്കും. ഉച്ചകഴിഞ്ഞ് എഡ്വേര്‍ഡ് ഏഴാമന്‍ പാര്‍ക്കില്‍ നടക്കുന്ന ലോക യുവജന ദിനത്തിന്റെ സ്വാഗത സമ്മേളനത്തിനായി അദ്ദേഹം ലിസ്ബണിലേക്ക് മടങ്ങും.
ഓഗസ്റ്റ് നാല്: യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി
ലോക യുവജന ദിനത്തില്‍ പങ്കെടുക്കുന്ന ഏതാനും ചെറുപ്പക്കാര്‍ക്ക് ഓഗസ്റ്റ് നാലിന് രാവിലെ ബെലേമിലെ 'സോ ഇംപീരിയോ' സ്‌ക്വയറില്‍ മാര്‍പ്പാപ്പയില്‍ നിന്ന് അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ അവസരം ലഭിക്കും. രാവിലെ 9.45 ന് 'ഡി സെറാഫിന' പാരിഷ് സെന്ററില്‍ ഏതാനും ചില ജീവകാരുണ്യ സഹായ സംഘടനകളുടെ പ്രതിനിധികളുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് യുവജനങ്ങള്‍ക്കൊപ്പം അപ്പസ്‌തോലിക് നൂണ്‍ഷ്യേച്ചറില്‍ ഉച്ചഭക്ഷണം ഉണ്ടായിരിക്കും. വൈകിട്ട് ആറിന് എഡ്വേര്‍ഡ് ഏഴാമന്‍ പാര്‍ക്കില്‍ യുവജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനക്ക് പാപ്പാ നേതൃത്വം വഹിക്കും.
ഓഗസ്റ്റ് അഞ്ച്: ഫാത്തിമായിലേക്കുള്ള സന്ദര്‍ശനവും ജാഗരണ പ്രാര്‍ത്ഥനയും
ഫാത്തിമ മാതാവിന്റെ ദേവാലയം ഓഗസ്റ്റ് അഞ്ചിന് രാവിലെ മാര്‍പ്പാപ്പ സന്ദര്‍ശിക്കും. ലിസ്ബണില്‍ നിന്ന് രാവിലെ എട്ടിന് ഹെലികോപ്റ്ററില്‍ മാര്‍പ്പാപ്പ ഫാത്തിമ സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് 9.30-ന് മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലില്‍ രോഗികളായ യുവജനങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഉച്ചയോടെ പരിശുദ്ധ പിതാവ് ലിസ്ബണിലേക്കു മടങ്ങും. വൈകിട്ട് ആറിന് ലിസ്ബണിലെ സെയിന്റ് ജോണ്‍ ഡി ബ്രിട്ടോ കോളജില്‍ ഈശോസഭയുടെ അംഗങ്ങളുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ച്ചക്കു ശേഷം രാത്രി 8.45 ന് യുവജനങ്ങളുമൊത്തുള്ള ജാഗരണ പ്രാര്‍ത്ഥന തേജോ പാര്‍ക്കില്‍ നടക്കും.
ഓഗസ്റ്റ് ആറ്: വിശുദ്ധ കുര്‍ബാനയും വത്തിക്കാനിലേക്കുള്ള മടക്കവും
ലോക യുവജന ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് ആറിന് രാവിലെ ഒന്‍പതു മണിക്ക് തേജോ പാര്‍ക്കില്‍ നടത്തുന്ന ദിവ്യബലിയില്‍ മാര്‍പ്പാപ്പ മുഖ്യ കാര്‍മികനായിരിക്കും. ഉച്ചകഴിഞ്ഞ് ആല്‍ഗസിലെ 'പാസിയോ മാരിറ്റിമോ' യില്‍ ലോക യുവജന ദിനത്തിന്റെ വോളന്റിയര്‍മാരുമായി ഒരു കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഫിഗോ മഡുറോ എയര്‍ബേസില്‍ നടത്തപ്പെടുന്ന വിടവാങ്ങല്‍ ചടങ്ങിനു ശേഷം വൈകുന്നേരം 6.15 ന് മടക്കയാത്ര ആരംഭിക്കുന്ന പാപ്പാ രാത്രി 10.15 ന് റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തില്‍ എത്തിച്ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26