വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അടിയന്തര ഉദര ശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില തൃപ്തികരം. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സുഖം പ്രാപിച്ച ശേഷം, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പാപ്പയുടെ യാത്രകളും മറ്റ് പ്രവര്‍ത്തനങ്ങളും തുടരുന്നതില്‍ തടസമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
റോം സമയം ഇന്നലെ ഉച്ചയ്ക്കാണ് ഉദര ശസ്ത്രക്രിയ നടത്തിയത്. പൂര്‍ണ സുഖം പ്രാപിക്കുന്നതു വരെ പാപ്പ കുറച്ചു ദിവസത്തേക്ക് ആശുപത്രിയില്‍ തുടരുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പരിശുദ്ധ പിതാവ് അനസ്‌തേഷ്യയോട് നന്നായി പ്രതികരിച്ചെന്നും ശസ്ത്രക്രിയയ്ക്കിടെ മറ്റു ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയക്കായി ബുധനാഴ്ചയാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനില്‍ മറ്റ് അസുഖങ്ങളോ പ്രശ്‌നങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ചീഫ് സര്‍ജന്‍ ഡോ. സെര്‍ജിയോ അല്‍ഫിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ വന്‍കുടല്‍ 33 സെന്റീമീറ്റര്‍ നീക്കം ചെയ്തിരുന്നു. കുടല്‍ ചുരുങ്ങിയതു കാരണമായിരുന്നു ഇത്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ഏതാനും ദിവസം അദ്ദേഹം ആശുപത്രിയില്‍ തുടരും. ഈ മാസം 18 വരെ അദ്ദേഹം വിശ്വാസികളെ കാണില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.
ഹെര്‍ണിയ മൂലമുള്ള വേദന കഠിനമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പാപ്പയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്.
എണ്‍പത്താറ് വയസുകാരനായ പാപ്പ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാല് ദിവസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 2021ല്‍ ജെമെല്ലി ആശുപത്രിയില്‍തന്നെയാണ് വന്‍കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 2022ന്റെ ആരംഭം മുതല്‍ കാല്‍മുട്ടു വേദനയും പാപ്പയെ അലട്ടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.