'19 സീറ്റ് ലഭിച്ചപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല; ഇപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു'

'19 സീറ്റ് ലഭിച്ചപ്പോള്‍  തനിക്കാരും പൂച്ചെണ്ട് തന്നില്ല; ഇപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു'

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റ് ലഭിച്ചപ്പോള്‍ ആരും തനിക്ക് പൂച്ചെണ്ട് തന്നില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് ക്രൂരമായി പോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പരാജയത്തിന്റെ ഉത്തരവാദിത്ത്വം പൂര്‍ണമായി ഏറ്റെടുക്കുന്നു. വിജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒട്ടേറേ പേരുണ്ടാകും എന്നാല്‍ പരാജയം അനാഥമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തിയില്‍ ഇടം പിടിക്കല്‍ തന്റെ രാഷ്ട്രീയ ശൈലിയല്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് ശക്തമായ ഭാഷയില്‍ നേരായി പറയുക എന്നതാണ് തന്റെ ശൈലി. അല്ലാതെ ഒളിച്ചുവച്ചുപറയുന്ന പരിപാടി തനിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. കൂടുതല്‍ ഐക്യത്തോടെയും കൂട്ടുത്തരവാദിത്തോടെയും പാര്‍ട്ടി മുന്നോട്ടുപോകും. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ലെന്ന പൊതു വിലയിരുത്തലാണ് ഇന്നലെ നടന്നത്. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ക്ഷേമ പെന്‍ഷന്‍, ആരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങള്‍ എല്ലാം ഈ സര്‍ക്കാരിനെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നു. പക്ഷെ, വേണ്ട വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധാകരന്റെ ഭാഗത്തുനിന്നുണ്ടായത് ക്രിയാത്മകവിമര്‍ശനം മാത്രമാണ്. താന്‍ കെപിസിസി അധ്യക്ഷനായ ശേഷം ഐക്യമുയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. ഒരിക്കല്‍ പോലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ല. തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. നിര്‍ണായക തീരുമാനം എടുക്കുമ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കാറുള്ളതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജനുവരി ആറ്, എഴ് തിയതികളില്‍ രാഷ്ട്രീയ കാര്യസമിതിയോഗം ചേരും. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.