കോട്ടയം: ക്രൈസ്തവ സമൂഹം ചില മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥിര നിക്ഷേപമെന്ന രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് സമുദായപക്ഷ നിലപാട് വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവരെ കാലങ്ങളായി സ്ഥിര നിക്ഷേപമായി കണ്ട് അവഗണിച്ച് ആക്ഷേപിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുമായി സന്ധി ചെയ്യുന്നവരെ പ്രബുദ്ധ കേരളം തള്ളിക്കളയുമെന്ന മുന്നറിയിപ്പ് പാഠമാക്കി തിരുത്തലുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നത് നല്ലതാണ്. സ്ഥിര നിക്ഷേപത്തില്‍നിന്നും മാറി സമുദായപക്ഷ നിലപാടെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹത്തിനായി. ഈ നിലപാടില്‍ അടിയുറച്ച് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരും നാളുകളില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് വൈകിയ വേളയിലെങ്കിലും ക്രൈസ്തവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സൂചനകളായി തദ്ദേശ തെരഞ്ഞെടുപ്പു ഫലങ്ങളെ കണ്ട് തെറ്റുകള്‍ തിരുത്തുവാനും നിലപാടുകള്‍ വ്യക്തമാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത് ഫലപ്രദമായി വിനിയോഗിച്ചാല്‍ ഉചിതമായിരിക്കും. പാര്‍ട്ടികളും ഗ്രൂപ്പുകളും അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്ന കാലം കഴിഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം കേരള സമൂഹത്തില്‍ പുത്തന്‍ ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഭാവിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ന്യൂനപക്ഷമെന്നാല്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായം മാത്രമല്ലെന്നും ന്യൂനപക്ഷ അവകാശങ്ങളിലും ക്ഷേമപദ്ധതികളിലും തുല്യനീതി ലഭിക്കുവാനും നേടിയെടുക്കുവാനും വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ കൂടുതല്‍ ഒരുമയും സ്വരുമയും കാണിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.