'തല തിരിച്ച കുരിശ്, നരകത്തിലേക്കു സ്വാഗതം, നഗ്ന കുളി'; ഓസ്‌ട്രേലിയയിലെ ഡാര്‍ക്ക് മോഫോ ആഘോഷത്തിനെതിരേ പ്രതിഷേധം

'തല തിരിച്ച കുരിശ്, നരകത്തിലേക്കു സ്വാഗതം, നഗ്ന കുളി'; ഓസ്‌ട്രേലിയയിലെ ഡാര്‍ക്ക് മോഫോ ആഘോഷത്തിനെതിരേ പ്രതിഷേധം

ഹൊബാര്‍ട്ട്: തല തിരിഞ്ഞ കുരിശ്, നരകത്തിലേക്കു സ്വാഗതം എന്ന ബോര്‍ഡ്, ഇരുട്ടിലെ പൈശാചിക രൂപങ്ങള്‍... പ്രത്യക്ഷത്തില്‍തന്നെ തിന്മയെ ആഘോഷമാക്കുന്ന ഓസ്‌ട്രേലിയയിലെ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൊബാര്‍ട്ടില്‍ നടക്കുന്ന ശൈത്യകാല ആഘോഷമാണ് ഡാര്‍ക്ക് മോഫോ. ജൂണ്‍ രണ്ടിന് ആരംഭിച്ച ഫെസ്റ്റിവല്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കും. സാമാന്യ യുക്തിക്കു യോജിക്കാത്ത വിചിത്രമായ കലാപരിപാടികളാണ് ഈ ആഘോഷത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അന്ധകാരത്തെ ആഘോഷിക്കുന്ന സംഗീത പരിപാടികള്‍, പൈശാചികമായ ബിംബങ്ങളെ അവതരിപ്പിക്കുന്ന ലൈറ്റ് ഇന്‍സ്റ്റാളേഷനുകള്‍, ഘോഷയാത്ര, തുടങ്ങിയവ ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഇതുകൂടാതെ ആഘോഷത്തിന്റെ ഭാഗമായി ഡെര്‍വെന്റ് നദിയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പൂര്‍ണ നഗ്നരായി നടത്തുന്ന നീന്തലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.



നിരുപദ്രവമായ തമാശകള്‍ എന്ന നുണ സംഘാടകര്‍ ആവര്‍ത്തിക്കുമ്പോഴും തിന്മയുടെ ശക്തികളെ ആഘോഷിക്കാനും സ്വാഗതം ചെയ്യാനുമുള്ള അവരുടെ നിഗൂഡമായ അജണ്ട കാണാതെ പോകരുതെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. വിനോദ സഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ് ടാസ്മാനിയ സംസ്ഥാന സര്‍ക്കാരും പൈശാചികമായ ഈ ആഘോഷത്തിന് വലിയ പിന്തുണ നല്‍കുന്നു.

'ഡാര്‍ക്ക് മോഫോയ്ക്കെതിരെയും നരകം ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള അവരുടെ അജണ്ടയ്ക്കെതിരെയും എല്ലാ ഓസ്‌ട്രേലിയക്കാരും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എ.സി.എല്‍ അഭ്യര്‍ത്ഥിച്ചു.

ഡാര്‍ക്ക് മോഫോ പരിപാടിയുടെ പ്രചാരണമെന്നോണം ഹൊബാര്‍ട്ട് എയര്‍പോര്‍ട്ടില്‍ 'നരകത്തിലേക്ക് സ്വാഗതം' എന്ന ബോര്‍ഡ് സ്ഥാപിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ബോര്‍ഡ് നീക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

'ഡാര്‍ക്ക് മോഫോ നിരുപദ്രവകരമായ വിനോദമാണ് എന്ന നുണയാണ് ടാസ്മാനിയക്കാരിലേക്കു വളരെക്കാലമായി വിറ്റഴിക്കുന്നത്. എന്നാല്‍ ഇനി അങ്ങനെയല്ല. ഹൊബാര്‍ട്ട് വിമാനത്താവളത്തിലെ 'നരകത്തിലേക്ക് സ്വാഗതം' എന്ന ബോര്‍ഡ് ഒരു തുറന്ന പ്രസ്താവനയാണ്. ഡാര്‍ക്ക് മോഫോ നരകത്തിലേക്കുള്ള വാതില്‍ തുറക്കുന്നു. ഈ തിന്മയുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത മതവിശ്വാസികളായ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ബോര്‍ഡ് - ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ പറഞ്ഞു.

ഡാര്‍ക്ക് മോഫോ ബഹിഷ്‌കരിക്കാനും ടാസ്മാനിയക്കാരോട് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ആഹ്വാനം ചെയ്തു.



വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്ത് നടത്തുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. പൂര്‍ണ നഗ്നരായി നടത്തുന്ന നീന്തലില്‍ ഈ വര്‍ഷം ഏകദേശം 2,000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഹൊബാര്‍ട്ടിന്റെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് പരിസരത്തിന് ചുറ്റും പ്രകാശമുള്ള കുരിശുകള്‍ തലകീഴായി സ്ഥാപിക്കുന്നതിനെതിരേ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ രംഗത്തു വന്നിരുന്നു.

'അഫ്ഗാനിസ്ഥാന്‍, കാശ്മീര്‍, ബര്‍മ്മ എന്നിവിടങ്ങളില്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും നടത്തുകയും പോരാടുകയും ചെയ്ത ഒരു മുന്‍ തീവ്രവാദിയെ 2018-ലെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയയിലേക്ക് പോകാനുള്ള വിസ നിരസിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മന്‍വാര്‍ അലി എന്നയാള്‍ വീഡിയോ ലിങ്ക് വഴിയാണ് പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ പത്തു വര്‍ഷമായി നടക്കുന്ന ഫെസ്റ്റിവലിലെ കലാപരിപാടികള്‍ അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോല്‍സാഹിപ്പിക്കുന്നതാണ്. 2017-ല്‍ നടന്ന ഡാര്‍ക്ക് മോഫോയിലെ ഒരു പരിപാടിയില്‍ ബലി കര്‍മം എന്ന പേരില്‍ കാളയെ അറുക്കുന്നത് ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ മൃഗാവകാശ സംഘടനകളും ഫെസ്റ്റിവലിന് എതിരായി.

2021-ല്‍ കൊളോണിയലിസത്തിനെതിരേ എന്ന പേരില്‍ ഫസ്റ്റ് നേഷന്‍സ് ജനതയുടെ രക്തത്തില്‍ കുതിര്‍ന്ന ബ്രിട്ടീഷ് പതാക പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിനായി തദ്ദേശീയരോട് രക്തദാനം നടത്താനും ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍പ്പിനെതുടര്‍ന്ന് പദ്ധതി നടന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.