പുനര്‍ജനി പദ്ധതി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

പുനര്‍ജനി പദ്ധതി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെക്കുറിച്ചാണ് അന്വേഷണം. വിജിലന്‍സ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.

വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും.

ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് സ്പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കിയിരിക്കുന്നു. എന്നാല്‍ നിയമസഭാംഗത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വി.ഡി സതീശന്‍ വിദേശത്തേക്ക് പോയത് എന്നതടക്കം നിരവധി കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.