വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ജൂണ്‍ 18 വരെയുള്ള പാപ്പായുടെ എല്ലാ സന്ദര്‍ശന പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്റെ മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
അതിനിടെ, പാപ്പായുടെ വേഗത്തിലുള്ള സുഖ പ്രാപ്തിക്കായി ലോകമെങ്ങുമുള്ള വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതികള്‍, വിവിധ ലോക നേതാക്കന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം പേരുടെ പ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാനിലേക്ക് പ്രവഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരെല്ല, താന്‍ അയച്ച സന്ദേശത്തില്‍, മുഴുവന്‍ ഇറ്റാലിയന്‍ ജനതയുടെയും സാമീപ്യവും ഐക്യദാര്‍ഢ്യവും സ്‌നേഹവും പാപ്പായ്ക്ക് വാഗ്ദാനം ചെയ്തു. അതോടൊപ്പം എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും പ്രാര്‍ത്ഥനകളും അദ്ദേഹം ഉറപ്പുനല്‍കി.
ഇറ്റാലിയന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഇറ്റലിയിലെ മെത്രാന്മാരുടെയും മുഴുവന്‍ സഭയുടെയും പ്രാര്‍ത്ഥനകളും സാമീപ്യവും പാപ്പായ്ക്ക് വാഗ്ദാനം ചെയ്തു. പാപ്പാ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും മെത്രാന്‍ സമിതി ആശംസിച്ചു.
സന്തേജീദിയോ സമൂഹം, കമ്മൂണിയോണെ ലിബറാസിയോണെ, കാത്തലിക് ആക്ഷന്‍ തുടങ്ങിയ സംഘടനകളും പാപ്പായ്ക്ക് പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുട്ടികള്‍ പ്രാര്‍ത്ഥനകള്‍ നേര്‍ന്നുകൊണ്ട് അവര്‍ വരച്ച ഒരു ചിത്രം പാപ്പായ്ക്ക് സമ്മാനിച്ചതും ശ്രദ്ധേയമായി.
പാപ്പാ ബുദ്ധിമുട്ടുകളില്ലാതെ ഉറങ്ങിയെന്നും ഓപ്പറേഷന് ശേഷമുള്ള വിശ്രമം കുറച്ച് ദിവസത്തേക്ക് കൂടി തുടരുമെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പായുടെ സൗഖ്യത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സന്ദേശങ്ങള്‍ പാപ്പായെ അറിയിച്ചുവെന്നും അവയ്ക്ക് നന്ദി പറഞ്ഞ പാപ്പാ, തനിക്ക് വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു എന്നും പ്രസ് ഓഫീസ് അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.