ചിക്കാഗോ: മാര്‍ തോമാശ്ലീഹാ കത്തീഡ്രല്‍ ഇടവകയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം. 2023 ലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ രണ്ടിന് കൊടിയേറും. അന്നേ ദിവസം ഇടവകയിലെ ദമ്പതികളുടെ വിവാഹ വാഗ്ദാന നവീകരണത്തിനുള്ള ദിവസമായി ആചരിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
പ്രധാന ദിവസങ്ങളായ ജൂലൈ ഏഴിന് മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ജൂലൈ എട്ടിന് ഫാ. ജോസി ജോസഫിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസക്കുര്‍ബാനയും ജൂലൈ ഒന്‍പതിന് രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്‍കും. ജൂലൈ പത്തിന് ഇടവകയിലെ മരിച്ചവരുടെ ഓര്‍മ്മ ദിനാചരണവും നടത്തും.
കൊടിയിറക്ക ദിവസമായ ജൂലൈ 16 ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.
കൂടാതെ ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ തരം കലാപരിപാടികളും ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ജൂലൈ ഏഴിന് ഇടവകയിലെ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിക്കും.
പ്രസുദേന്തി നൈറ്റിന് ഇടവകാംഗങ്ങളായ 101 പേരുടെ ചെണ്ടമേളം, ലുങ്കി ഡാന്‍സ്, സാഗ്ര ഡാന്‍സ്, അപ്പന്‍-മകള്‍/ അമ്മ-മകന്‍ ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികള്‍ ഓപ്പണ്‍ സ്റ്റേജില്‍ അവതരിപ്പിക്കും.
ഇടവക മുഴുവനായി പ്രസുദേന്തിമാരായി പങ്കെടുക്കുന്ന തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനറായി ജോണി മണ്ണഞ്ചേരി, അസി. കണ്‍വീനറായി സജി കാവാലം എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഷീബാ ഷാബു, ജൂഡി റോയി, ലിന്‍സി വടക്കുഞ്ചേരി എന്നിവരാണ്. ഷീബാ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും വേഷം ധരിച്ചുകൊണ്ടുള്ള പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.