ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പാ വേഗം സുഖം പ്രാപിക്കുന്നു

ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പാ വേഗം സുഖം പ്രാപിക്കുന്നു

ടോണി ചിറ്റിലപ്പിള്ളി

വത്തിക്കാന്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശുദ്ധ പിതാവിന്റെ ആരോഗ്യ പുരോഗതിയെ കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം ഇറക്കിയ ഒരു പത്രക്കുറിപ്പില്‍ പാപ്പാ ശരിയായി വിശ്രമിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നും അറിയിച്ചു. തനിക്ക് ലഭിച്ച ആശംസ സന്ദേശങ്ങള്‍ക്ക് മറുപടി അയച്ച പാപ്പാ കഴിഞ്ഞ മാര്‍ച്ച് മാസം ആശുപത്രിയിലെ കുട്ടികളുടെ കാന്‍സര്‍ വിഭാഗത്തില്‍ ജ്ഞാനസ്‌നാനപ്പെടുത്തിയ കുട്ടി അയച്ച സന്ദേശത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്റെ മാധ്യമവിഭാഗം ഡയറക്ടര്‍ മത്തെയോ ബ്രൂണി നല്‍കിയ പാപ്പായുടെ ആരോഗ്യ പുരോഗതിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പാപ്പാ ഒരു ദിവസം മുഴുവന്‍ വിശ്രമിച്ചുവെന്നും, പത്രങ്ങള്‍ വായിച്ചുവെന്നും,ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയെന്നും പാപ്പായെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതായി അറിയിച്ചു. പാപ്പായുടെ രക്തസമ്മര്‍ദ്ദവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുരോഗതികള്‍ ക്രമാനുസൃതമാണെന്നും മെഡിക്കല്‍ സ്റ്റാഫ് റിപ്പോര്‍ട്ട് ചെയ്യുന്നതായും അറിയിച്ചു.

ദിവ്യകാരുണ്യത്തിന്റെ തിരുനാള്‍ ദിനമായിരുന്ന വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പാപ്പാ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ സാമിപ്യം അറിയിച്ചു കൊണ്ട് പാപ്പായ്ക്ക് വന്ന ധാരാളം സന്ദേശങ്ങളില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് ആശുപത്രി സന്ദര്‍ശിച്ച അവസരത്തില്‍ കുട്ടികളുടെ കാന്‍സര്‍ ന്യൂറോ സര്‍ജറി വാര്‍ഡില്‍ വച്ച് പാപ്പാ ജ്ഞാനസ്‌നാനം നല്‍കിയ കുഞ്ഞ് മിഗ്വേല്‍ ആഞ്ചല്‍ വരച്ച ചിത്രത്തിലെ അതിവേഗ സൗഖ്യത്തിനായുള്ള സന്ദേശവും കുടുംബത്തിന്റെ സ്‌നേഹവും പാപ്പയെ പ്രത്യേകം സ്പര്‍ശിച്ചുവെന്നും, പരിശുദ്ധ പിതാവ് അമ്മയെ ഫോണ്‍ വിളിച്ചു കൊണ്ട് നന്ദി രേഖപ്പെടുത്തിയെന്നും മത്തെയൊ ബ്രൂണി അറിയിച്ചു.

ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പാപ്പാ അഞ്ച് മുതല്‍ ഏഴു ദിവസം വരെ ആശുപത്രിയില്‍ തന്നെ തുടരും. ജൂണ്‍ 18 വരെ പാപ്പായുടെ പൊതുജന കൂടികാഴ്ച പരിപാടി താല്‍കാലികമായി നിറുത്തിയതായി വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26