ക്വാണ്ടാസ് എയര്‍ലൈന്‍സ് ജീവനക്കാരുടെ യൂണിഫോം നിയമത്തില്‍ ഇളവുകള്‍; പുരുഷന്മാര്‍ക്ക് മേക്കപ്പ് ചെയ്യാം; സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസും ധരിക്കാം

ക്വാണ്ടാസ് എയര്‍ലൈന്‍സ് ജീവനക്കാരുടെ യൂണിഫോം നിയമത്തില്‍ ഇളവുകള്‍; പുരുഷന്മാര്‍ക്ക് മേക്കപ്പ് ചെയ്യാം; സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസും ധരിക്കാം

സിഡ്നി: ജീവനക്കാരുടെ യൂണിഫോം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഓസ്ട്രേലിയന്‍ എയര്‍ലൈനായ ക്വാണ്ടസ്. പുരുഷ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് മേക്കപ്പ് ധരിക്കാനും സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസുകള്‍ ധരിക്കാനുമാണ് അനുമതി നല്‍കിയത്. വനിതകള്‍ക്ക് ഡയമണ്ട് കമ്മല്‍ ധരിക്കാനും അനുവാദമുണ്ട്. വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ലിംഗാധിഷ്ഠിത യൂണിഫോം മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കുമെന്ന കാര്യം ഓസ്ട്രേലിയന്‍ എയര്‍ലൈന്‍സ് അറിയിച്ചത്.

വ്യത്യസ്തമായ സാംസ്‌കാരിക ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ നിര്‍ദേശത്തിന് പിന്നിലെ ലക്ഷ്യമെന്ന് ക്വാണ്ടസ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂണിഫോം എന്ന് നിര്‍ബന്ധമുണ്ടെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മേക്കപ്പ് ചെയ്തും ഹൈ ഹീല്‍ ഷൂസ് ധരിച്ചും ജോലിക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതുതരം വാച്ചുകള്‍ ധരിക്കാനും ഇനി മുതല്‍ ജീവനക്കാര്‍ക്ക് പറ്റും. നേരത്തെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ചെറിയ വാച്ചുകള്‍ ധരിച്ചിരുന്നത്. അതിലുള്ള നിബന്ധനയും ഒഴിവാക്കി. പുരുഷ ജീവനക്കാര്‍ക്ക് മുടി നീട്ടി വളര്‍ത്തുന്നതിനും തടസമില്ല.

എന്നാല്‍ പുതിയ നിയമത്തിലും ക്വാണ്ടാസ് തൊഴിലാളികള്‍ ടാറ്റൂകള്‍ മറച്ചുവയ്ക്കണം. ഏതൊക്കെ യൂണിഫോമുകള്‍ ഒരുമിച്ച് ധരിക്കാമെന്നും വ്യക്തമായ നിര്‍ദേശമുണ്ട്.

വനിതാ ജീവനക്കാര്‍ മേക്കപ്പ് ധരിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കാന്‍ ക്വാണ്ടസിനോട് ആവശ്യപ്പെട്ട തൊഴിലാളി യൂണിയനുകളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മാറ്റങ്ങള്‍ വന്നത്. ക്വാണ്ടസിന്റെ യൂണിഫോം നയം മാറ്റാന്‍ വേണ്ടി പ്രചാരണം നടത്തിയ ഓസ്ട്രേലിയന്‍ സര്‍വീസസ് യൂണിയന്‍ ഭാരവാഹികള്‍ ഈ നീക്കം തൊഴിലാളികളുടെ വലിയ വിജയമാണെന്ന് പറഞ്ഞു. സിഡ്നിയാണ് ക്വാണ്ടസ് എയര്‍ലൈന്‍സിന്റെ ആസ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.