വിദ്യ ഒളിവില്‍ത്തന്നെ; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല ലീഗല്‍ സമിതി അന്വേഷണം നാളെ

വിദ്യ ഒളിവില്‍ത്തന്നെ; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല ലീഗല്‍ സമിതി അന്വേഷണം നാളെ

കാസര്‍കോട്: അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യ ഒളിവില്‍ തന്നെ. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു. എന്നാല്‍ വീടു പൂട്ടിയ നിലയിലാണ്.

ബന്ധുക്കളില്‍ നിന്നും താക്കോല്‍ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വ്യാജരേഖയുമായി ബന്ധപ്പെട്ട ഒന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നാണ് സൂചന. അതേസമയം വിദ്യ ഹോസ്റ്റലില്‍ ഒളിച്ചിരിക്കുകയാണെന്നും പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും കെഎസ്‌യുവിന്റെ ആരോപണം.

ജോലി നേടാന്‍ വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്ന് പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസര്‍കോട് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വിദ്യ സമര്‍പ്പിച്ചത്.

അതേസമയം വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്ന് പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രവേശന രേഖകള്‍ സമിതി പരിശോധിക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടില്‍ നിന്നും വിശദാംശങ്ങള്‍ തേടും. പിഎച്ച്ഡി പ്രവേശനത്തിന് സംവരണമില്ലെന്നായിരുന്നു അടാട്ടിന്റെ വാദം. എന്നാല്‍ പിഎച്ച്ഡിക്കു സംവരണം ബാധകമാണെന്ന് കാട്ടി 2016 ല്‍ സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.