കൊച്ചി: ക്രിമിനലുകള്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത് മാധ്യമ വേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ വ്യാജ ഗൂഡാലോചനക്കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടേണ്ടയാള്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പലിനും കെ.എസ്.യു പ്രസിഡന്റിനും മാധ്യമ പ്രവര്‍ത്തകയായ അഖിലയ്ക്കും എതിരെ പൊലീസ് കേസെടുക്കുകയാണ്.
ഒരിക്കലും അനുവദിക്കാനാകാത്ത മാധ്യമ വേട്ടയാണിത്. എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു മാധ്യമ പ്രവര്‍ത്തകയെ മാത്രം തെരഞ്ഞ് പിടിച്ചാണ് കേസെടുത്തത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഈ കേസിലൂടെ പുറത്ത് വന്നിരിക്കുന്നത്. എതിരായി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന മോഡി സ്റ്റൈലിലേക്ക് പിണറായി മാറിയിരിക്കുകയാണ്.
ഗസ്റ്റ് ലക്ചര്‍ ആയിരുന്നെന്ന വ്യാജ രേഖയുണ്ടാക്കിയ വനിതാ നേതാവും സ്വതന്ത്രമായി നടക്കുകയാണ്. അവര്‍ക്ക് ഒത്താശ ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും വെറുതെ നടക്കുകയാണ്. എന്നിട്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും മറ്റൊരു കുറ്റകൃത്യത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത ആളാണ് എസ്.എഫ്.ഐ സെക്രട്ടറി. ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നൂറു ദിവസത്തോളം ജയിലില്‍ കിടക്കുകയും വീണ്ടും ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്ത ഒരാളുടെ പരാതിയിലാണ് പൊലീസ് കള്ളക്കേസെടുത്തിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമാണ്. പാര്‍ട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടി സഖാക്കള്‍ചെയ്യുന്ന കൊടുംപാതകങ്ങള്‍ക്ക് കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് സി.പി.എമ്മിന്. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ നേതാവ് ഇപ്പോഴും റോഡിലൂടെ വെല്ലുവിളിച്ച് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ലെന്നും ആരെങ്കിലും സമരം ചെയ്താല്‍ അവരൊക്കെ മാവോയിസ്റ്റുകളും തീവ്രവാദികളും അര്‍ബന്‍ നെക്സലൈറ്റുകളുമാണെന്നും പറയും. ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും അതിനെതിരായ ശക്തമായ പോരാട്ടം നാളെ മുതലുണ്ടാകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. അടിയന്തിരമായി വ്യാജ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.