കോയമ്പത്തൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്ന രാമനാഥപുരം രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി സമാപിച്ചു. ജൂൺ ഒൻപതാം തിയതി വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ ആരംഭിച്ച അസംബ്ലി പതിനൊന്നാം തിയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. "സിറോ മലബാർ സഭയുടെ ദൗത്യവും ജീവിതവും: കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം- രാമനാഥപുരം രൂപതയുടെ പ്രത്യേക പശ്ചാത്തലത്തിൽ" എന്ന 'പ്രവർത്തന മാർഗ്ഗരേഖ' യുടെ അടിസ്ഥാനത്തിൽ ഏഴ് പ്രവർത്തനമേഖലകളാണ് രൂപതാ യോഗം ചർച്ച ചെയ്യുകയും പരിഹാരമാകേണ്ട കർമ്മ പദ്ധതികൾക്ക് രൂപം നല്കുകയും ചെയ്തത്.
സമാപന സമ്മേളനത്തിൽ രാമനാഥപുരം രൂപതാദ്ധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് "അതി വിശാലമായ മിഷൻ രൂപത എന്ന നിലയിൽ മേഖലാ - ഫൊറോന സംവിധാനങ്ങൾ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം" എന്ന വിഷയത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകുകയും സമാപന സന്ദേശം നല്കുകയും ചെയ്തു. ഈ വിഷയത്തിൽ നടത്തിയ ഗ്രൂപ്പ് ചർച്ചകളുടെ റിപ്പോർട്ടുകൾ മേരി ഷാജു, സി. തെരേസ് ജോൺ എഫ്സിസി ഷോബാ ജോളി, സി. സീനാ എസ് എച്ച് എസ്പി, ഇ ആർ ജോർജ്,സി.ഉഷാ സിഎംസി, സി. ലിറ്റി എഫ്സിസി എന്നിവർ അവതരിപ്പിച്ചു. ഫാ. ജോർജ് നരിക്കുഴി അസംബ്ലിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രൂപതാ യോഗം വിവിധ ഗ്രൂപ്പുകളിലായി നടത്തിയ ചർച്ചകളുടെ സംക്ഷിപ്ത റിപ്പോർട്ട് സിറിയക് ചൂരവടി അവതരിപ്പിച്ചു.
യോഗത്തിൽ ഉരിത്തിരിഞ്ഞ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രൂപതയുടെ ഭാവി പ്രവർത്തനപദ്ധതികളും ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ അവതരിപ്പിച്ചു. രൂപതാ യോഗത്തിൽ പങ്കെടുത്തവർക്കും അതിന്റെ പിന്നിൽ അധ്വാനിച്ചവർക്കും രൂപതയോഗം സെക്രട്ടറി സി. ദർശന എഫ്സിസി നന്ദി പറഞ്ഞു. രൂപതയുടെ വിവിധ തലങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. രൂപതായോഗം കൺവീനർ ഫാ. ടോമി പുന്നത്താനത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ ആർ ജോസ്, രൂപതാ പ്രോ വികാരി ജനറാൾ മോൺ. ജോസഫ് ആലപ്പാടൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപതായോഗത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26