കാക്കനാട്: സീറോ മലബാര്‍ സഭയുടെ പ്രത്യേക സിനഡ് സമ്മേളനം സഭാ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
അന്തരിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിനെ കര്‍ദിനാള്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. സഭയ്ക്കും സമൂഹത്തിനും അഭിവന്ദ്യ പിതാവിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. സിനഡിലെ നവാഗതരായ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തിലിനെയും മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തെയും കര്‍ദിനാള്‍ സ്വാഗതം ചെയ്തു.
മെല്‍ബണ്‍ രൂപതയുടെ ആദ്യ മെത്രാനെന്ന നിലയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ മഹത്തായ സംഭാവനകളെ കര്‍ദിനാള്‍ പ്രകീര്‍ത്തിച്ചു. സഭ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ-കാര്‍ഷിക മേഖലകളിലെ വിവിധ പ്രതിസന്ധികളെയും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.
സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിന്റെ ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നു. സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, വൈസ് ചാന്‍സലര്‍ ഫാ. പ്രകാശ് മറ്റത്തില്‍ എന്നിവര്‍ സമീപം.
മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുള്ള ഉദാസീനത കുറ്റകരമാണ്. കേരളത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കുശേഷവും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുന്നു എന്ന സത്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണം.
കൃഷി ഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ കര്‍ഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കര്‍ഷകനെ സംരക്ഷിക്കുന്ന നയങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ മൂലമുള്ള ജീവഹാനി സമീപക്കാലത്ത് വളരെയേറെ വര്‍ധിച്ചിരിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും കര്‍ദിനാര്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗഡിയോ ഗുജറോത്തിയും സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകളുടെ വെളിച്ചത്തിലാണ് സിനഡിലെ ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നത്. 16 ന് വൈകുന്നേരം ആറ് മണിയോടെ സിനഡ് സമ്മേളനം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.