മനില: ഫിലിപ്പീന്‍സില്‍ ഏറ്റവും സജീവമായ മയോണ്‍ അഗ്‌നിപര്‍വതം ചാരവും വിഷവാതകങ്ങളും പുറന്തള്ളാന്‍ തുടങ്ങിയതോടെ ആല്‍ബേ പ്രവിശ്യയില്‍നിന്ന് 12,800 പേരെ ഒഴിപ്പിച്ചു. ഇവരില്‍ ഭൂരിപക്ഷവും അഗ്‌നിപര്‍വതത്തിനടുത്തുള്ള കാര്‍ഷികഗ്രാമങ്ങളിലുള്ളവരാണ്.
അഗ്‌നിപര്‍വതത്തില്‍നിന്നുള്ള പാറകള്‍ രണ്ടുകിലോമീറ്റര്‍ അകലെവരെ തെറിക്കുന്നുണ്ടെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൊള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി പറഞ്ഞു. അഗ്‌നിപര്‍വതത്തില്‍നിന്ന് സള്‍ഫര്‍ ഡയോക്‌സൈഡ് വാതകവും ഉയരുന്നുണ്ട്.
24 മണിക്കൂറിനിടെ പ്രദേശത്ത് ഒരുതവണ ഭൂകമ്പമുണ്ടായി. തലസ്ഥാനമായ മനിലയ്ക്ക് 330 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മയോണ്‍, രാജ്യത്തെ 24 സജീവ അഗ്‌നിപര്‍വതങ്ങളിലൊന്നാണ്.
ഞായറാഴ്ച പ്രാദേശിക സമയം രാത്രിയോടെയാണ് അഗ്‌നിപര്‍വ്വതം ലാവ പുറന്തള്ളാന്‍ തുടങ്ങിയത്. ലാവാ പ്രവാഹം വര്‍ധിച്ചാല്‍ മയോണിന് ചുറ്റും ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖല വിപുലീകരിക്കപ്പെടുമെന്ന് ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജി ഡയറക്ടര്‍ തെരെസിറ്റോ ബാക്കോള്‍കോള്‍ പറഞ്ഞു.
1616ലാണ് ആദ്യമായി മയോണ്‍ പൊട്ടിത്തെറിക്കുന്നത്, 2018-ലാണ് അവസാനമായും. അന്ന് പതിനായിരക്കണക്കിന് ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 1814ല്‍ മയോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ 1200 പേര്‍ക്കാണ് ജീവിതം നഷ്ടപ്പെട്ടത്. ഇന്ന് ഫിലിപ്പൈനില്‍ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നൊരു സ്ഥലം മയോണാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.