കാന്‍ബറയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

കാന്‍ബറയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

കാന്‍ബറ: ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള കത്തോലിക്ക ആശുപത്രി നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തടയണമെന്ന ആശുപത്രി അധികാരികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ജൂലൈ മൂന്നിനകം ബ്രൂസ് കാല്‍വരി ഹോസ്പിറ്റല്‍ ഏറ്റെടുത്ത് പൊതു ആശുപത്രിയാക്കാനുള്ള ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനാണ് കോടതി പച്ചക്കൊടി വീശിയത്.

ബ്രൂസ് ഹോസ്പിറ്റല്‍ നിര്‍ബന്ധിത ഏറ്റെടുക്കാനുള്ള നിയമനിര്‍മ്മാണം കോടതി അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു കാല്‍വരി ഹെല്‍ത്ത് കെയര്‍ അധികൃതര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ആശുപത്രി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ മെയ് 31-ന് പാസാക്കിയ നിയമനിര്‍മ്മാണം നിയമവിരുദ്ധമാണെന്നും ന്യായമായ നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്നില്ലെന്നും കാല്‍വരിയുടെ അഭിഭാഷകന്‍ ജൂണ്‍ ഏഴിന് നടന്ന ഹിയറിംഗില്‍ വാദിച്ചു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍, ആശുപത്രി ഏറ്റെടുക്കുന്നതിനു പകരം കാല്‍വരിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ളവ നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ ഫുള്‍ ബെഞ്ചിന് വേണ്ടി ജസ്റ്റിസ് ഡേവിഡ് മോസോപ്പാണ് തീരുമാനം പ്രഖ്യാപിച്ചത്.

കത്തോലിക്ക ആശുപത്രി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് തടയണമെന്ന കാല്‍വരിയുടെ അപേക്ഷ കോടതി നിരസിക്കുകയായിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരെ സൈറ്റിലേക്ക് പ്രവേശിക്കുന്നത് തടയുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കേസ് അടുത്ത ആഴ്ച അഡ്മിനിസ്ട്രേറ്റീവ് ഹിയറിംഗിനായി വീണ്ടും കോടതിയില്‍ എത്തും.

സുപ്രീം കോടതി തീരുമാനത്തിനെതിരേ അപ്പീല്‍ പോകാനുള്ള സാധ്യത കാല്‍വരിയുടെ അഭിഭാഷകന്‍ ഡേവിഡ് വില്യംസ് ചൂണ്ടിക്കാട്ടി.

ആശുപത്രിയെ ഏറ്റെടുക്കലില്‍നിന്ന് രക്ഷിക്കാനുള്ള കാമ്പെയ്ന്റെ തലവന്‍ ഫാ. ടോണി പെര്‍സി വിഷയത്തില്‍ പാര്‍ലമെന്റംഗങ്ങളെ പ്രതിഷേധം അറിയിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു. പാര്‍ലമെന്റംഗങ്ങള്‍ക്കു നല്‍കാനുള്ള നിവേദനത്തില്‍ 40,000-ത്തിലധികം പേര്‍ ഒപ്പുവച്ചതായി കാന്‍ബറ-ഗോള്‍ബേണ്‍ അതിരൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. ടോണി പെര്‍സി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

ആശുപത്രി ബലം പ്രയോഗിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് വഴിയൊരുക്കുന്ന നിയമനിര്‍മ്മാണത്തിനുള്ള ബില്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയിരുന്നു. ആശുപത്രി നിര്‍ബന്ധിതമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റെടുക്കലിനെതിരേ പ്രചാരണവും കാമ്പെയ്‌നും കാന്‍ബറ-ഗോള്‍ബേണ്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.

കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ കീഴില്‍ 44 വര്‍ഷത്തിലേറെയായി പ്രദേശത്ത് ലാഭേച്ഛയില്ലാതെ മികച്ച സേവനം നല്‍കുന്ന ആശുപത്രിയാണ് കാല്‍വരി ഹോസ്പിറ്റല്‍. മതിയായ ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കാല്‍വരി അധികൃതര്‍ അപേക്ഷിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആശുപത്രി വക്തമാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് നിയമ സാധുതയുണ്ടോ എന്നതാണ് കോടതി പ്രധാനമായും പരിശോധിച്ചത്. അപേക്ഷ തള്ളയതിനുള്ള കാരണങ്ങള്‍ കോടതി വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.