ആള്‍മാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് 20 വരെ തടഞ്ഞു

ആള്‍മാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി; അറസ്റ്റ് 20 വരെ തടഞ്ഞു

കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐ നേതാവ് വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശിച്ചു.
യൂണിവേഴ്സിറ്റിക്ക് അയച്ച യൂണിയന്‍ കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ തന്റെ പേര് കടന്നുകൂടിയതില്‍ പങ്കില്ലെന്നും കോളജ് പ്രിന്‍സിപ്പലാണ് പേര്

അയച്ചതെന്നുമായിരുന്നു വിശാഖിന്റെ വാദം. എന്നാല്‍ വിശാഖിന്റെ പേര് അയക്കുന്നത് കൊണ്ട് പ്രിന്‍സിപ്പലിന് എന്താണ് പ്രയോജനമെന്ന് ആരാഞ്ഞ കോടതി, വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയക്കില്ലെന്നും നിരീക്ഷിച്ചു.

യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമക്കേട് നടത്തിയത്. കേസിലെ എഫ്ഐആര്‍ പരിശോധിച്ചതില്‍ വിശാഖിന്റെ പങ്ക് ഗുരുതരമാണെന്നും കോടതി കണ്ടെത്തി.

കാട്ടാക്കട കോളജില്‍ യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ രാജിവയ്പ്പിച്ചാണ് പകരം വിശാഖിന്റെ പേര് കേരള യൂണിവേഴ്സിറ്റിയിലേക്ക് അയച്ച പട്ടികയില്‍ ചേര്‍ത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രായപരിധി കഴിഞ്ഞതോടെ വിശാഖിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വളഞ്ഞവഴിയില്‍ യൂണിവേഴ്സിറ്റി ചെയര്‍മാന്‍ ആകാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സസ്പെന്‍ഷനിലാണ്. കേസിനു പിന്നാലെ എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് വിശാഖിനെ സസ്പെന്റു ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.