തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായും സംസ്ഥാനത്ത് എ.ഐ കാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നുമാണ് വേഗപരിധി പുനര്‍നിശ്ചയിക്കാന്‍ തീരുമാനിച്ചത്.
ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാന്‍ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയി കുറക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് 2014 ല്‍ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും:
ആറുവരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാലുവരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി റോഡ്, നാലുവരി സംസ്ഥാന പാത എന്നിവയില്‍ 90 (85), മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെയാണ് ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി മോട്ടോര്‍ യാത്രാ വാഹനങ്ങള്‍ക്ക് ആറുവരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, നാലുവരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയില്‍ 85 (65), മറ്റു സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് ആറുവരി, നാലുവരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 (65) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) മറ്റ് റോഡുകളില്‍ 60 (60) നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെ നിജപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.