ഏഥൻസ്: അനധികൃത കുടിയേറ്റക്കാരുമായി ഇറ്റലി ലക്ഷ്യമാക്കി നീങ്ങിയ ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി 78 പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരിച്ചവരിൽ ഭൂരിഭാഗവും ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പെലോപ്പൊന്നീസ് തീരത്ത് നിന്ന് പൈലോസിന് 47 നോട്ടിക്കൽ മൈൽ (87 കിലോമീറ്റർ) തെക്കു പടിഞ്ഞാറൻ സമുദ്രത്തിലാണ് ബോട്ട് മുങ്ങിയതെന്ന് ഗ്രീക്ക് കോസ്റ്റ് ഗാർഡ് വക്താവ് നിക്കോസ് അലക്സിയോ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും കോസ്റ്റ് ഗാർഡ് കൂട്ടിച്ചേർത്തു.
ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. എന്നാൽ ഏകദേശം 400 യാത്രക്കാർ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു. മരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്നും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. എന്നാൽ ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്ന നൂറിലധികം കുടിയേറ്റക്കാരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി കലമത നഗരത്തിലേക്ക് മാറ്റി. അതിജീവിച്ചവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റ്ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും എയർഫോഴ്സ് ഹെലികോപ്റ്ററും കൂടാതെ നിരവധി സ്വകാര്യ കപ്പലുകളും കാണാതായവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ലിബിയയിലെ ടോബ്രൂക്കിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഇആർടി പറഞ്ഞു. ഇറ്റലി ആയിരുന്നു ലക്ഷ്യ സ്ഥാനം.
മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ യൂറോപ്യൻ യൂണിയനിലേക്ക് ഗ്രീസ് മാർഗമാണ് കടക്കുക. സാമ്പത്തിക അസമത്വം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ കാരണം കടൽ മാർഗം യൂറോപ്യൻ തീരങ്ങളിൽ എത്തുന്നവരുടെ എണ്ണം ഈ വർഷം കുതിച്ചുയർന്നിരുന്നു. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും ആഴമേറിയ പ്രദേശങ്ങളിലൊന്നാണ് കപ്പൽ മുങ്ങിയ സ്ഥലം.
ഫെബ്രുവരിയിൽ ഇറ്റലിയുടെ തെക്കൻ തീരത്തെ കടലിൽ അഭയാർത്ഥികളുടെ ബോട്ട് തകർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 പേർ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ, സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അന്ന് ബോട്ടപകട്തതിൽ മരണപ്പെട്ടത്.
കൂടുതൽ വായനക്ക്
ഇറ്റലിയില്‍ അഭയാര്‍ഥി ബോട്ട് തകര്‍ന്ന് കൈക്കുഞ്ഞടക്കം 60 മരണം: 80 പേരെ രക്ഷിച്ചു; തിരച്ചില്‍ തുടരുന്നു
ഇറ്റലിയിലെ ബോട്ട് ദുരന്തം: മനുഷ്യക്കടത്തിന് പാകിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.