ബ്രിട്ടണെ നടുക്കിയ കത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഹോക്കി താരവും; പെണ്‍കുട്ടിയുടെ പിതാവ് 2009-ല്‍ കുത്തേറ്റ മൂന്നു പേരെ രക്ഷിച്ച ഡോക്ടര്‍

ബ്രിട്ടണെ നടുക്കിയ കത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഹോക്കി താരവും; പെണ്‍കുട്ടിയുടെ പിതാവ് 2009-ല്‍ കുത്തേറ്റ മൂന്നു പേരെ രക്ഷിച്ച ഡോക്ടര്‍

ലണ്ടന്‍: യു.കെയിലെ നോട്ടിംഗ്ഹാമില്‍ അജ്ഞാതന്‍ നടത്തിയ ആക്രമത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയാണെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥിയും ഇംഗ്ലണ്ട് അണ്ടര്‍ 18 ഹോക്കി താരവുമായിരുന്ന ഗ്രേസ് ഓമാലികുമാര്‍ ആണ് കൊല്ലപ്പെട്ടത്. 19 കാരിയായ ഗ്രേസിനെയും സുഹൃത്തും ക്രിക്കറ്റ് താരവുമായ ബാര്‍ണബി വെബ്ബിനെയും കുത്തിക്കൊന്ന അക്രമി, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ 60 വയസുകാരനായ മറ്റൊരാളെയും കൊല്ലുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച വാനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ മൂന്നു പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ യംഗ് ഹോക്കി പ്രോഗ്രാമിലെ താരമായ ഗ്രേസ് 16 വയസില്‍ താഴെയുള്ളവരുടെയും 18 വയസില്‍ താഴെയുള്ളവരുടെയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരമായിരുന്നു നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ബാര്‍ണബി വെബ്ബര്‍.

ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജനായ ഡോ. സഞ്ജോയ് കുമാറിന്റെ മകളാണ് ഗ്രേസ്. ജനറല്‍ പ്രാക്ടീഷണറായ അദ്ദേഹം 2009-ല്‍ കുത്തേറ്റ മൂന്നു കൗമാരക്കാരുടെ ജീവന്‍ രക്ഷിച്ചിരുന്നു. ഈ സേവനത്തിന് അദ്ദേഹത്തിന് ബ്രിട്ടീഷ് പരമോന്നത ബഹുമതികളില്‍ ഒന്നായ ദ മോസ്റ്റ് എക്സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.


ഡോ. സഞ്‌ജോയ് കുമാറും കുടുംബവും

തങ്ങളുടെ രണ്ട് വിദ്യാര്‍ത്ഥികളുടെ മരണം പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമാണെന്നാണ് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി പ്രതികരിച്ചത്. 'ഞങ്ങളുടെ രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അവരോടൊപ്പമുണ്ട്' - വൈസ് ചാന്‍സലര്‍ ഷിയറര്‍ വെസ്റ്റ് പറഞ്ഞു.

നൈറ്റ് ഔട്ടിന് പോയി മടങ്ങുന്ന വഴി വെളുപ്പിന് നാലു മണിക്കായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥികളെ കൊന്നതിനു ശേഷം അക്രമി 60 വയസുള്ള ഇയാന്‍ കോട്‌സ് എന്നയാളെ കൂടി കുത്തിക്കൊന്ന് കോട്സിന്റെ വാനില്‍ കടന്നു കളയുകയായിരുന്നു. കാല്‍നടക്കാരുടെ മുകളിലൂടെയാണ് വാന്‍ ഓടിച്ചുപോയത്. ഇവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 31 വയസുകാരനായ അക്രമിയെ പോലീസ് പിടികൂടിയെങ്കിലും ഇയാളുടെ പേര് വിവരങ്ങള്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പൗരനാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടിയിരുന്നതായാണ് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള വ്യക്തിക്ക് മുന്‍ ക്രിമിനല്‍ ചരിത്രമുള്ളതായും പോലീസിന് അറിവില്ല.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിറ്റക്ടീവുകളുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആക്രമണങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടിംഗ്ഹാം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അപലപിച്ചിരുന്നു.

'ഞങ്ങളുടെ ചിന്തകള്‍ പരിക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്ന് ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സ് സെഷന്റെ തുടക്കത്തില്‍ റിഷി സുനക് പറഞ്ഞു. സംഭവത്തെ ഈ ഘട്ടത്തില്‍ ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പ്രതികരിച്ചു. പാര്‍ലമെന്റിലായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ പ്രസ്താവന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.