താമസസ്ഥലത്ത് മദ്യനിർമ്മാണവും വില്പനയും കുവൈറ്റില്‍ നാല് പ്രവാസികള്‍ അറസ്റ്റിൽ

താമസസ്ഥലത്ത് മദ്യനിർമ്മാണവും വില്പനയും കുവൈറ്റില്‍ നാല് പ്രവാസികള്‍ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: താമസസ്ഥലത്ത് മദ്യനി‍ർമ്മാണവും വില്‍പനയും നടത്തിയ നാല് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. രണ്ട് സ്ത്രീകളടക്കമാണ് നാല് പേർ അറസ്റ്റിലായത്. അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഇവരുടെ താമസ സ്ഥലത്ത് നിന്ന് വന്‍ മദ്യശേഖരവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാള്‍ സ്വദേശികളാണ് പിടിയിലായവ‍രെന്നാണ് റിപ്പോ‍ർട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്ത് സിറ്റിയിലെ ഉമ്മുൽ ഹൈമാൻ മേഖലയിലാണ് ഇവർ മദ്യകച്ചവടം നടത്തിയിരുന്നത്.

റോഡരികിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ട ഒരു പ്രവാസിയെ പൊലീസ് പട്രോൾ സംഘം പിടികൂടി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രദേശത്ത് മദ്യനിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

മദ്യം നി‍ർമ്മിക്കാനായി സൂക്ഷിച്ച 192 ബാരൽ സ്പിരിറ്റും പൊലീസ് പിടിച്ചെടുത്തു. വിൽക്കാൻ സൂക്ഷിച്ച 492 ബോട്ടിൽ മദ്യവും കണ്ടെത്തി. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും ഉദ്യോ​ഗസ്ഥർ പിന്നീട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.