പ്രായമായവരുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുക: മുതിർന്നവർക്കായുള്ള ലോകദിനത്തോടനുബന്ധിച്ച് യുവജനങ്ങളോട് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം

പ്രായമായവരുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുക: മുതിർന്നവർക്കായുള്ള ലോകദിനത്തോടനുബന്ധിച്ച് യുവജനങ്ങളോട് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: മുത്തശി മുത്തഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള ലോക ദിനത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ജൂലൈ 23-നാണ് മുത്തശി മുത്തഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള ഈ വർഷത്തെ ലോകദിനം ആചരിക്കുന്നത്.

ഈ വർഷത്തെ ചിന്താവിഷയമായി പരിശുദ്ധ പിതാവ് തെരഞ്ഞെടുത്തത്, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള 'അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും' (ലൂക്ക 1:50) എന്ന വചനമാണ്. ഇതിലൂടെ യുവതിയായ മറിയവും അവളുടെ പ്രായമായ ബന്ധു എലിസബത്തും തമ്മിൽ നടന്ന ആനന്ദകരമായ കൂടിക്കാഴ്ചയിലേക്ക് പാപ്പാ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അന്നെന്നപോലെ ഇന്നും തലമുറകളുടെ സംഗമവേളകളിൽ, പരിശുദ്ധാത്മാവിന്റെ അനുഗ്രഹപൂർണ്ണമായ സാന്നിധ്യവും ആനന്ദവും നമുക്ക് അനുഭവിക്കാൻ സാധിക്കുമെന്ന് പാപ്പാ വ്യക്തമാക്കിത്തരുന്നു. അതിനാൽ 'മുതിർന്ന തലമുറയെ നമുക്ക് ബഹുമാനിക്കാം, ഒരിക്കലും മാറ്റിനിർത്താതെ, അവരുടെ സാമീപ്യത്തെ സ്വാഗതം ചെയ്യാം.' പരിശുദ്ധ പിതാവ് ഇപ്രകാരം ആഹ്വാനം ചെയ്യുന്നു.

പ്രായമായവരുടെ ഹൃദയങ്ങളിൽ സന്തോഷം പകരുക

മറിയത്തിന്റെ സാന്നിധ്യവും വാക്കുകളും മൂലം എലിസബത്തിന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞതു പോലെ പ്രായമായവരുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കാൻ യുവജനങ്ങൾക്ക് സാധിക്കണം. അതോടൊപ്പം അവരുടെ അനുഭവങ്ങളിൽ നിന്ന് ജ്ഞാനം നേടാനും യുവജനങ്ങൾ ആഗ്രഹിക്കണം. അവരെ നാം വിസ്മരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് കർത്താവ് ആഗ്രഹിക്കുന്നു. എന്നാൽ പ്രായമായവരെ പലപ്പോഴും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലേക്ക് തള്ളിക്കളയാറുണ്ടെന്ന സത്യം പാപ്പാ വേദനയോടെ ഓർമിച്ചു.


തലമുറകൾ തമ്മിലുള്ള സൗഹൃദം

ഈ വർഷം, ലോക യുവജനദിനവും മുതിർന്നവർക്ക് വേണ്ടിയുള്ള ലോക ദിനവും അടുത്തടുത്ത് വരുന്നതിനാൽ
തലമുറകൾ തമ്മിൽ ഗുണപരമായ ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ എല്ലാവർക്കും കഴിയണം. അതുവഴി തങ്ങൾ കൂടുതൽ വിശാലമായ ഒരു ചരിത്രത്തിൻറെ ഭാഗമാണ് എന്ന ബോധ്യം യുവജനങ്ങളിൽ വളർത്തിയെടുക്കാൻ സാധിക്കും.

തലമുറകൾ തമ്മിലുള്ള ഈ സൗഹൃദം, വർത്തമാനകാലത്തിന്റെ പരിമിതികളിൽ നിന്ന് വിമുക്തരായി തങ്ങളെക്കുറിച്ചും തങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള യാഥാർത്ഥ്യബോധത്തിലേക്ക് യുവജനങ്ങളെ നയിക്കുന്നു. അതുപോലെതന്നെ തങ്ങളുടെ അനുഭവസമ്പത്ത് പാഴായിപ്പോവില്ലെന്നും സ്വപ്നങ്ങൾ ഒരുനാൾ സാക്ഷാത്കരിക്കപ്പെടുമെന്നുമുള്ള പ്രത്യാശ അത് മുതിർന്നവർക്കും നൽകുന്നു.

ദൈവത്തിന്റെ സ്‌നേഹനിർഭരമായ പദ്ധതി, ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിയിലുമായി വ്യാപിച്ചു കിടക്കുന്നതിനാൽ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുകയും നാം ഓരോരുത്തരെയും ഈ ബൃഹത്തായ പദ്ധതിയിലേക്ക് ഉൾചേർക്കുകയും അനുനിമിഷം മുന്നോട്ടു നയിക്കുകയും ചെയ്യുന്നതാണ്. ഇത് യുവജനങ്ങളെ സാങ്കേതികവിദ്യയുടെ മായാലോകത്തിൽ നിന്ന് വിടുവിച്ച് യഥാർത്ഥ ക്രിയാത്മകതയിലേക്ക് നയിക്കുന്നു. അതുപോലെ തന്നെ, നഷ്ടപ്പെടുത്തിയ അവസരങ്ങളെ കുറിച്ചും ക്ഷയിക്കുന്ന ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ചിന്തകളിൽ നിന്ന് പുറത്തു കടക്കാൻ മുതിർന്നവരെയും സഹായിക്കുന്നു.

മറിയവും എലിസബത്തും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങളെ നമ്മുടെ മനസ്സിൽ ചിത്രീകരിച്ച് ഹൃദയത്തിൽ ഒരു 'ഐക്കണായി' എപ്പോഴും സൂക്ഷിക്കണമെന്ന് പാപ്പാ ആവർത്തിച്ചു. അവർ തമ്മിലുള്ള ആലിംഗനം തലമുറകൾ തമ്മിലുള്ള ഉദാത്തമായ ബന്ധത്തിന്റെ ഉത്തമ മാതൃകയായി പാപ്പാ ചൂണ്ടിക്കാട്ടി.

പ്രായമായവരെ കൈവിടരുത്

പ്രായമായവരെ ഒരിക്കലും മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് പാപ്പാ അഭ്യർത്ഥിക്കുന്നു. കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ സാന്നിധ്യം വിലപ്പെട്ടതാണ്. നാം ഒരേ പൈതൃകം പങ്കിടുന്നവരാണെന്നും അതിന്റെ വേരുകൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു ജനതയുടെ ഭാഗമാണെന്നും പ്രായമായവർ നമ്മെ ഓർമ്മിപ്പിക്കുന്നു.
സഭയ്ക്കും സമൂഹത്തിനും പ്രായമായവരുടെ സംഭാവനകൾ ആവശ്യമുണ്ട്, കാരണം ഇന്നലകളെ വർത്തമാനകാലത്തിലേക്ക് കൂട്ടിയിണക്കി ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ അവരാണ് നമ്മെ സഹായിക്കുന്നത്. ലോക യുവജനദിനം ആഘോഷിക്കുന്നതിനായി ലിസ്ബണിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, തങ്ങളുടെ മുത്തശ്ശീമുത്തഛമാരെയോ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെയോ സന്ദർശിക്കണമെന്ന് മാർപ്പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു.

അതുവഴി അവർക്ക് പ്രായമായവരുടെ അനുഗ്രഹാശിസ്സുകളും പ്രാർത്ഥനയുടെ സംരക്ഷണവും ലഭിക്കുമെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ അടയാളമായി ഇളം തലമുറയെ കാണണമെന്നും അവർക്കുവേണ്ടിയുള്ള പ്രാർത്ഥന തുടരണമെന്നും പ്രായമായവരോട് പാപ്പാ അഭ്യർത്ഥിച്ചു. എല്ലാവരുടെയും ഹൃദയങ്ങൾക്ക് സമാധാനം ആശംസിച്ചുകൊണ്ട് ശ്ലൈഹീക ആശിർവാദം നൽകി പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

യേശുവിന്റെ മുത്തശ്ശീമുത്തഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനമായ ജൂലൈ 26-ാം തീയതിയോട് ഏറ്റവും അടുത്തു വരുന്ന ഞായറാഴ്ചയാണ്, സഭ മുത്തശി മുത്തഛന്മാരുടെയും മുതിർന്നവരുടെയും ദിനമായി ആചരിച്ചു വരുന്നത്. ഫ്രാൻസിസ് പാപ്പയാണ് 2021 ൽ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് മാർപാപ്പ നേതൃത്വം നൽകും. അതോടൊപ്പം ലോകമെമ്പാടുമുള്ള രൂപതകളെയും ഇടവകകളെയും സഭയിലെ വിവിധ സംഘടനകളെയും കൂട്ടായ്മകളെയും അവരവരുടേതായ അജപാലന പശ്ചാത്തലത്തിൽ ഈ ദിനം ആഘോഷിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26