ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രക്കാരന്‍ മോഷണത്തിനിരയായാല്‍ റെയില്‍വേ സേവനത്തിലെ വീഴ്ചയായി കാണാനാകില്ലെന്ന് സുപ്രീം കോടതി. മോഷ്ടിച്ച പണം യാത്രക്കാരന് തിരികെ നല്‍കാന്‍ റെയില്‍വേയോട് നിര്‍ദേശിച്ച ഉപഭോക്തൃ ഫോറം വിധി ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ സുപ്രീം കോടതി അവധിക്കാല ബെഞ്ച് റദ്ദാക്കി.
യാത്രക്കാരന് സ്വന്തം സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തതിന് റെയില്‍വേ ഉത്തരവാദിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ നഷ്ടമായ സുരേന്ദര്‍ ഭോലയാണ് പരാതിക്കാരന്‍.
സ്വന്തം വസ്തുവകകള്‍ സൂക്ഷിക്കാനുള്ള കഴിവ് യാത്രക്കാരനില്ലെങ്കില്‍, റെയില്‍വേയ്ക്കാണ് ഉത്തരവാദിത്തമെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബെല്‍റ്റിനുള്ളില്‍ പണം വച്ച് അരയ്ക്കു ചുറ്റും കെട്ടിയാണ് യാത്രക്കാരന്‍ ട്രെയിനില്‍ യാത്ര ചെയ്തതെന്ന് വാദമധ്യേ റെയില്‍വേയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2005 ഏപ്രില്‍ 27 ന് കാശി വിശ്വനാഥ് എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് വ്യാപാരിയായ സുരേന്ദ്ര ഭോലയ്ക്ക് പണം നഷ്ടമായത്. റിസര്‍വ്ഡ് കോച്ചിലായിരുന്നു യാത്ര. ഇടപാടുകാരായ കടക്കാര്‍ക്ക് നല്‍കാനുള്ള പണമായിരുന്നു അതെന്ന് വ്യക്തമാക്കിയ സുരേന്ദ്ര ഭോല ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ സമിതിയെയും സമീപിച്ചു. ഉപഭോക്തൃ സമിതിയാണ് യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
ഉത്തരവിനെതിരെ ജില്ലാ ഉപഭോക്തൃ സമിതിയെയും ദേശീയ ഉപഭോക്തൃ സമിതിയെയും റെയില്‍വേ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 2015 ല്‍ അപ്പീല്‍ തള്ളിയതോടെയാണ് റെയില്‍വേ സുപ്രീം കോടതിയെ സമീപിച്ചത്. യാത്രക്കാരുടെ വസ്തുവകകളിന്‍മേല്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.