'സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസിലല്ല'; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

 'സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസിലല്ല'; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പോക്സോ കേസില്‍ ആജീവനാന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി ക്രൈംബ്രാഞ്ച്.

പോക്സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന വെളിപ്പെടുത്തല്‍ തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പ് ക്കേസില്‍ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യം ചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നും കെ. സുധാകരന്‍ രണ്ടാം പ്രതിയുമായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്.

പോക്സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. ഇതിന്റെകൂടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. അത്തരത്തിലൊരു മൊഴി പെണ്‍കുട്ടി നല്‍കിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മുഖവിലയ്ക്കെടുത്തില്ലെന്നതടക്കമുള്ള നിയമ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.

സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയെ ഉദ്ധരിച്ചായിരുന്നു എം.വി ഗോവിന്ദന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. 164-ാം വകുപ്പ് പ്രകാരം പരാതിക്കാരി നല്‍കിയ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.