ഈജിപ്തിലേക്ക് പാലായനം ചെയ്യണമെന്നുള്ള ദൈവദൂതന്റെ മുന്നറിയിപ്പ് സ്വപ്നത്തിലൂടെ ലഭിച്ച ജോസഫ് അനുഭവിച്ച മാനസിക സംഘര്‍ഷം ചെറുതല്ല. ഒറ്റ രാത്രികൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു നാട്ടിലേക്ക് പറിച്ചു നടപ്പെടണം. സന്ദേശമറിഞ്ഞ മേരിയും ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു.
പുറപ്പെടാന്‍ വൈകുന്ന ഓരോ നിമിഷവും ഹേറോദോസിന്റെ പടയാളികളുടെ കാലൊച്ച അടുത്തെത്തിയേക്കാം. അത് ദിവ്യശിശുവിന്റെ മരണ രോധനമായി മാറാം. പാഴാക്കാന്‍ ഒരു നിമിഷം പോലും ഇല്ല. ഒന്നും ആലോചിക്കാതെയുള്ള ആ പാലായനത്തില്‍ തിരുകുടുംബത്തിന് സഹായമായത് ഉണ്ണിയെ സന്ദര്‍ശിച്ച ജ്ഞാനികള്‍ നല്‍കിയ സമ്മാനങ്ങള്‍ ആയിരുന്നു.
യാത്രക്കായി കഴുതകളെ വാങ്ങിക്കുവാനും വഴിച്ചിലവിനും ഈജിപ്തില്‍ തിരുക്കുടുംബത്തിന്റെ ജീവിതം തളിരിടാനും ഇടയാക്കിയത് അവര്‍ സമ്മാനിച്ച സ്വര്‍ണവും മറ്റു സമ്മാനങ്ങളും കൊണ്ടായിരുന്നു. മരിയ വാള്‍തോര്‍ത്തയുടെ 'ദൈവമനുഷ്യന്റെ സ്‌നേഹഗീത' എന്ന പുസ്തകത്തിന്റെ ( ഈശോയും മാതാവും മരിയ വാള്‍തോര്‍ത്തയ്ക്ക് നല്‍കിയ ദര്‍ശനങ്ങളുടെ സമാഹാരം) ഒന്നാം വാല്യത്തിലാണ് ഇങ്ങനെ ഒരു സൂചനയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്.
'മേരി കരയാതെ, മേരി കരയുന്നത് കാണുന്നതാണ് അഭയാര്‍ത്ഥിയായി അന്യരാജ്യത്തേക്ക് ഓടിപോകുന്നതിനേക്കാള്‍ എനിക്കും പ്രയാസം. എന്നോട് ക്ഷമിക്കണേ, ജോസഫ് എന്നെ ഓര്‍ത്തല്ലേ; നഷ്ടപെടുന്ന സാധനങ്ങളെ ഓര്‍ത്തല്ല ഞാന്‍ കരയുന്നത്. ജോസഫിനെ ഓര്‍ത്താണ് ഞാന്‍ കരയുന്നത്. ഇപ്പോള്‍ തന്നെ ജോസഫ് എത്ര കഷ്ടപ്പാടുകള്‍ ആണ് സഹിച്ചിട്ടുള്ളത്. ഇനി, ഇപ്പോള്‍ വീണ്ടും പണി തരാന്‍ ആളില്ലാതെയാകും. വീടുമില്ല; ഞാന്‍ നിമിത്തം ജോസഫ് എത്ര മാത്രം സഹിക്കുന്നു'.
'ഇല്ല മേരി, നീ എനിക്ക് ഒരു ബുദ്ധിമുട്ടും വരുത്തുന്നില്ല. നീ എന്നെ ആശ്വസിപ്പിക്കുന്നു. എപ്പോഴും ആശ്വസിപ്പിക്കുന്നു. ഭാവിയോര്‍ത്തു വിഷമിക്കേണ്ട. പൂജകര്‍ തന്ന സമ്മാനങ്ങള്‍ നമുക്കുണ്ടല്ലോ. ആദ്യ ദിവസങ്ങളിലെ ജീവിത ചിലവുകള്‍ക്ക് അത് മതിയാകും. പിന്നെ എനിക്ക് ജോലി കിട്ടും'.
തിരുക്കുടുംബത്തെ ഈ വിധത്തില്‍ സഹായിക്കുവാനും ദിവ്യസുതനെ ദര്‍ശിക്കുവാനും ദൈവം സവിശേഷമായി തിരഞ്ഞെടുത്ത ജ്ഞാനികള്‍ അനുഭവിച്ച യാതനകളിലേക്കും ഞെരുക്കങ്ങളിലേക്കും ഈ പുസ്തകം വിരല്‍ ചൂണ്ടുന്നുണ്ട്. സഹായിക്കാന്‍ ഞാന്‍ ഒരു പക്ഷേ തയ്യാറാണ്; സഹായം വേണ്ടവര്‍ എന്നെ തേടി വരട്ടെ എന്ന മനോഭാവം അധികമായി കുടികൊള്ളുന്ന ഇന്നത്തെ മനുഷ്യര്‍, ജ്ഞാനികള്‍ കടന്നു കയറിയ സഹനത്തിന്റെ വന്‍ മല ഓര്‍ക്കുന്നത് ഉചിതമാണ്. ' രക്ഷകനെ തന്റെ ദാരിദ്ര്യത്തില്‍ ആദ്യമായി സഹായിച്ചത് അവരാണ്.
ആസന്ന ഭാവിയില്‍ ഒരു അഭയാര്‍ത്ഥിയാകാന്‍ പോകുന്ന അവിടുത്തേക്ക് ആ സ്വര്‍ണം എത്രമാത്രം ഉപകരിക്കും! താമസിയാതെ വധിക്കപ്പെടാന്‍ പോകുന്ന അവിടുത്തേക്ക് സമര്‍പ്പിക്കപ്പെട്ട മീറ എത്ര അര്‍ത്ഥവത്തായ ദാനം. തന്റെ അളവില്ലാത്ത പരിശുദ്ധിക്കു ചുറ്റും അലറി വിളിക്കുന്ന മനുഷ്യന്റെ ഭോഗാസക്തിയുടെ ദുര്‍ഗന്ധത്തില്‍ നിന്ന് ഭക്തി നിര്‍ഭരമായ കുന്തിരിക്കപ്പുക അവന് ആശ്വാസം നല്‍കട്ടെ.'
സാഹസികത നിറഞ്ഞതായിരുന്നു നക്ഷത്രത്തെ മാത്രം ദര്‍ശിച്ചുള്ള ജ്ഞാനികളുടെ യാത്ര. വ്യത്യസ്തമായ ദേശങ്ങളില്‍ നിന്നാണ് അവര്‍ മൂവരും യാത്ര തിരിച്ചത്. അവരുടെ ഭാഷയും വിഭിന്നങ്ങളായിരുന്നു. ' അസാധാരണ വലിപ്പമുള്ള ഒരു നക്ഷത്രം (ചന്ദ്രനെക്കാള്‍ വലിപ്പം തോന്നിക്കുന്നു) ആകാശത്തിലൂടെ മുന്നോട്ട് നീങ്ങുന്നു. മറ്റു നക്ഷത്രങ്ങള്‍ എല്ലാം മാറി മറിഞ്ഞ് ഇതിന് വഴി കൊടുക്കുന്നു. ഈ നക്ഷത്രം ഇന്ദ്രനീല കല്ലിന്റെ ഇളം നിറത്തില്‍ വൃത്താകൃതിയില്‍ ഉള്ളതാണ്. ഉള്ളില്‍ അതിനെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യനുള്ളതുപോലെ തോന്നുന്നു.'
' രക്ഷകനെ ആരാധിക്കുവാന്‍ അവര്‍ ഒരുങ്ങി പുറപ്പെട്ടു. മൂന്നുപേര്‍ക്കും പരസ്പ്പരം അറിഞ്ഞുകൂടായിരുന്നു. പര്‍വത നിരകള്‍ കയറിയിറങ്ങി, മരുഭൂമികള്‍ കടന്നു താഴ്ചകളും നദീതടങ്ങളും പിന്നിട്ട്, രാത്രിയില്‍ യാത്ര ചെയ്ത് അവര്‍ പാലസ്തീനിലേക്കു നീങ്ങി. കാരണം നക്ഷത്രം ആ ദിക്കിലേക്കാണ് നീങ്ങിയിരുന്നത്. ഭൂമിയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും യാത്ര പുറപ്പെട്ട അവര്‍ മൂന്നുപേര്‍ക്കും നക്ഷത്രം ഒരേ ദിശയിലേക്ക് പോകുന്നതായിട്ടാണ് അനുഭവപ്പെട്ടത്.'
' അവര്‍ ചാവുകടലിനു അപ്പുറത്തു വെച്ച് ഒരുമിച്ച് ചേര്‍ന്നു. ദൈവ നിശ്ചയം ആണ് അവരെ ഒരുമിപ്പിച്ചത്. അവിടം മുതല്‍ അവര്‍ ഒരുമിച്ചു യാത്ര തുടര്‍ന്നു. ഓരോരുത്തര്‍ക്കും പ്രത്യേക ഭാഷയുണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരസ്പരം ആശയം കൈമാറാന്‍ കഴിഞ്ഞു. നിത്യ പിതാവിന്റെ ഒരു അത്ഭുതത്താല്‍ അവര്‍ക്ക് പരസ്പരം മനസിലാക്കുവാനും മൂന്ന് ഭാഷകളും സംസാരിക്കുവാനും കഴിഞ്ഞു.'
' ജ്ഞാനികളായ ആ മൂന്ന് പേരും യഥാര്‍ത്ഥത്തില്‍ മഹത്വം ഉള്ളവരായിരുന്നു. ഒന്നാമതായി അവര്‍ക്ക് സ്വഭാവാതീതമായ സുകൃതങ്ങളുണ്ടായിരുന്നു. രണ്ടാമതായി, അവര്‍ക്ക് ശാസ്ത്രീയമായ അറിവുണ്ടായിരുന്നു. മൂന്നാമതായി അവര്‍ ധനികരായിരുന്നു. എങ്കിലും തങ്ങള്‍ ഒന്നുമല്ല എന്നാണ് അവര്‍ വിചാരിച്ചിരുന്നത്.' അതുകൊണ്ട് സന്തോഷപൂര്‍വം ത്യാഗം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി. ഇന്ന് നമുക്ക് ചുറ്റും അനേകം വ്യക്തികള്‍ വലിയ ആവശ്യങ്ങളുടെ നടുവിലാണ്. വേദനയുടെ, രോഗങ്ങളുടെ, ആത്മീയവും ശാരീരികവുമായ ദാരിദ്ര്യങ്ങളുടെ, പിശാചിന്റെ തടവറയുടെ....
കൊടുക്കലിന്റെയും പ്രാര്‍ത്ഥനയുടെയും വിടുതലിന്റെയും നിരവധി ആവശ്യങ്ങളുമായി അസംഖ്യമാളുകള്‍ നമ്മുടെ മുന്നിലുള്ളപ്പോഴും ആവശ്യക്കാര്‍ എന്റെ അടുക്കലേക്കു വരട്ടെ എന്ന മനോഭാവം വെറുത്തു ഉപേക്ഷിക്കേണ്ടതാണ്. ജ്ഞാനികളുടെ ത്യാഗ മനോഭാവത്തോടെ ആവശ്യക്കാരിലേക്ക് അന്വേഷിച്ചിറങ്ങാം.
ബത്‌ലഹേമിലെ കുഞ്ഞു പൈതലിന്റെ മുഖം അനേകരില്‍ കണ്ട് നമ്മുടെ സമ്പാദ്യ, സഹായ, പ്രാര്‍ത്ഥനയുടെ കലവറ തുറന്ന് അര്‍പ്പിക്കാം, പൊന്നും മീറയും കുന്തിരിക്കവും ....
-മക്കബായന്‍-
അവലംബം -
( ദൈവ മനുഷ്യന്റെ സ്‌നേഹ ഗീത)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.