കൊച്ചി: ഇബ്രാഹിം കുഞ്ഞ് പക്ഷവും അഹമ്മദ് കബീര്‍ പക്ഷവും പോരടിച്ച് നില്‍ക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി രൂപികരിക്കാനാവാതെ മുസ്ലിം ലീഗ്. മലബാറിന് പുറത്ത് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണ്. നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ എറണാകുളം ജില്ലയിലെ സംഘടനാ പ്രശ്നങ്ങളും ചര്‍ച്ചയാകും.
സംഘടനാ തിരഞ്ഞെടുപ്പിലൂടെ ശാഖ മുതല്‍ ദേശീയ തലം വരെയുള്ള ഭാരവാഹികള്‍ ചുമതലയേറ്റിട്ടും എറണാകുളത്തും പത്തനംതിട്ടയിലും ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിലെ 14 ല്‍ 12 നിയോജകണ്ഡലങ്ങളും അഹമ്മദ് കബീര്‍ ഗ്രൂപ്പിനൊപ്പമാണ്. എന്നാല്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലൊന്ന് മകന്‍ അബ്ദുല്‍ ഗഫൂറിന് വേണമെന്ന വാശിയിലാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് വഴങ്ങാന്‍ അഹമ്മദ് കബീര്‍ ഗ്രൂപ്പ് തയ്യാറല്ല.
ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായതിന് പിന്നാലെ പഴയ ജില്ലാ കമ്മിറ്റി തുടരാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ജൂണ്‍ 30 നകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇതുവരെയും സമവായമായിട്ടില്ല. പാണക്കാട് സ്വാദിഖലി തങ്ങളിലുള്ള സ്വാധീനവും ആബിദ് ഹുസൈന്‍ തങ്ങളുടെ പിന്തുണയാണ് ഇബ്രാഹിംകുഞ്ഞിന്റെ ശക്തി.
നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ ഗഫൂറിന് ആ പദവിയില്‍ തന്നെ തുടരുകയോ വൈസ് പ്രസിഡന്റ് ആകുകയോ ചെയ്യാമെന്ന നിലപാടാണ് അഹമ്മദ് കബീര്‍ ഗ്രൂപ്പിനുള്ളത്. എന്നാല്‍ മുതിര്‍ന്ന നേതാവായ ഇബ്രാഹിം കുഞ്ഞിന്റെ ആഗ്രഹം പരിഗണിക്കാത്തത് നന്ദികേടാണെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്.
മുസ്ലിം ലീഗിലെ സംഘടനാ പ്രശ്നം യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതില്‍ എറണാകുളം ഡിസിസിക്ക് കടുത്ത അതൃപ്തിയുണ്ട്. നാളെ ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.