വത്തിക്കാന്‍ സിറ്റി: ഉദര ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി രണ്ടു ദിവസത്തിനു ശേഷം വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പ. പ്രസന്നവദനനായി ത്രികാല പ്രാര്‍ത്ഥന നയിച്ച മാര്‍പ്പാപ്പ, റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയവേ തനിക്ക് പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് സന്ദേശങ്ങള്‍ അയച്ചവരോട് നന്ദി രേഖപ്പെടുത്തി.
'ആ സന്ദേശങ്ങളില്‍ പ്രകടിപ്പിച്ച സ്നേഹത്തിനും ഉത്കണ്ഠയ്ക്കും സൗഹൃദത്തിനും എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - മാര്‍പ്പാപ്പ പറഞ്ഞു. 'ഈ മാനുഷിക പിന്തുണ എനിക്ക് വലിയ സഹായവും ആശ്വാസവുമാണ്. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി' - സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളുടെ സന്തോഷത്തിനും കരഘോഷത്തിനുമിടയില്‍ പാപ്പ പറഞ്ഞു.
86-കാരനായ പരിശുദ്ധ പിതാവ് കാല്‍മുട്ട് വേദന, ശ്വാസകോശ സംബന്ധമായ അണുബാധ, ഉദര രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ജൂണ്‍ ഏഴിനാണ് ജനറല്‍ അനസ്‌തേഷ്യയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് പാപ്പ വിധേയനായത്. മുന്‍പ് ശസ്ത്രക്രിയ നടത്തിയ ഭാഗത്തുണ്ടായ ഹെര്‍ണിയ നീക്കം ചെയ്തു.
കഴിഞ്ഞ ആഴ്ച ഗ്രീസ് തീരത്ത് മത്സ്യ ബന്ധനക്കപ്പല്‍ മറിഞ്ഞ് 79 കുടിയേറ്റക്കാര്‍ മരിച്ച സംഭവത്തില്‍ മാര്‍പ്പാപ്പ അഗാധമായ സങ്കടവും വേദനയും പങ്കുവച്ചു. ദുരന്തത്തില്‍ നൂറോളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.
'അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' - പാപ്പ പറഞ്ഞു.
ഉഗാണ്ടയിലെ ഒരു സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ നടത്തിയ ക്രൂരമായ ആക്രമണത്തെയും പരിശുദ്ധ പിതാവ് അപലപിച്ചു. സ്‌കൂള്‍ ആക്രമിച്ച ഭീകരര്‍ 38 വിദ്യാര്‍ത്ഥികള്‍ അടക്കം 41 പേരെയാണു കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.