അര്‍മേനിയയില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നു

അര്‍മേനിയയില്‍ തൃശൂര്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: അര്‍മേനിയയില്‍ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊരട്ടി കട്ടപ്പുറം പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് കൊല്ലപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സൂരജ്. ആക്രമണത്തില്‍ സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശി ലിജോ പോളിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിസയെച്ചൊല്ലി മലയാളികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെതുടര്‍ന്നായിരുന്നു സൂരജിന് കുത്തേറ്റത്. സംഭവത്തില്‍ അര്‍മേനിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണവിവരം വീട്ടില്‍ അറിഞ്ഞത്. മറ്റൊരു ജോലിക്കായി അര്‍മേനിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സൂരജ്. ഇതിനായുള്ള വിസയുടെ ആവശ്യത്തിനായി ഏജന്‍സിയില്‍ എത്തിയപ്പോഴായിരുന്നു സൂരജിന് നേരെ ആക്രമണം ഉണ്ടായത്.

വിസയ്ക്കായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നല്‍കിയിരുന്നു. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഏജന്റിന്റെ സഹായികളായ അര്‍മേനിയ സ്വദേശികള്‍ സൂരജിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സൂരജിന് കുത്തേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തു.

അതേസമയം ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവവും വാക്കുതര്‍ക്കത്തിനിടെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന മലയാളികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊച്ചി സ്വദേശിയായ അരവിന്ദ് ശശികുമാറാന്‍ ജൂണ്‍ പതിനാറിന് പുലര്‍ച്ചെ ഒരു മണിക്ക് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന വര്‍ക്കല സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈയാഴ്ച ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ കുത്തേറ്റ് മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.