'ഉന്നത വിദ്യാഭ്യാസ മേഖല എസ്.എഫ്.ഐ തകര്‍ത്തു': കോളജുകളില്‍ ചൊവ്വാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

'ഉന്നത വിദ്യാഭ്യാസ മേഖല  എസ്.എഫ്.ഐ തകര്‍ത്തു': കോളജുകളില്‍ ചൊവ്വാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തു എന്നാരോപിച്ച് കെ.എസ്.യു സംസ്ഥാനത്തെ കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി വ്യാജന്മാരുടെ കൂടാരമായി എസ്.എഫ്.ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ അവര്‍ തകര്‍ത്തെറിയുകയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം കായംകുളത്തെ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ രാവിലത്തെ പ്രതികരണത്തില്‍ വിശദീകരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ വൈകുന്നേരത്തോടെ രംഗത്തെത്തി.

നിഖില്‍ തോമസ് കൊണ്ടുവന്ന രേഖകള്‍ പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാവിലത്തെ പ്രതികരണമെന്നാണ് ആര്‍ഷോയുടെ വിശദീകരണം. കലിംഗയില്‍ പോയി പരിശോധന നടത്താന്‍ എസ്.എഫ്.ഐക്കാവില്ലെന്നും നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്നാണ് എസ്.എഫ്.ഐക്ക് ബോധ്യപ്പെട്ടതെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ പൂര്‍ണമായും ന്യായീകരിച്ചാണ് രാവിലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. നിഖില്‍ ഹാജരാക്കിയ കലിംഗ സര്‍വ്വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയെന്നടക്കം ആര്‍ഷോ വിശദീകരിച്ചിരുന്നു. 2018 മുതല്‍ 21 വരെ നിഖില്‍ കലിംഗയില്‍ റഗുലര്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും എസ്.എഫ്.ഐ സെക്രട്ടറി പറഞ്ഞിരുന്നു.

എന്നാല്‍ ഉച്ചയോടെ കലിംഗ സര്‍വ്വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി, എസ്.എഫ്.ഐ നേതാവിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തി. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നാണ് കലിംഗ സര്‍വ്വകലാശാല രജിസ്ട്രാര്‍ വെളിപ്പെടുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.