'കണ്ണീര്‍ വറ്റി നൈജീരിയ'; ക്രൈസ്തവ പീഡനങ്ങളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറുന്നു - നൈജീരിയന്‍ മെത്രാന്‍

'കണ്ണീര്‍ വറ്റി നൈജീരിയ'; ക്രൈസ്തവ പീഡനങ്ങളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറുന്നു - നൈജീരിയന്‍ മെത്രാന്‍

അബൂജ: സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കുടിയിറപ്പെടുകയും അതിക്രൂരമായി തലയറുക്കപ്പെട്ടും വെടിയേറ്റുമൊക്കെ കൊല്ലപ്പെടേണ്ടി വരുന്ന ഒരു ജനതയുടെ ദുരിതത്തെയോര്‍ത്ത് വിലപിക്കുകയാണ് നൈജീരിയന്‍ മെത്രാനായ വില്‍ഫ്രഡ് അനാഗ്‌ബെ. തന്റെ രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വാഷിങ്ടണ്‍ ഡിസിയില്‍ വച്ച് കാത്തലിക് ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വികാരാധീനനായി.

ബിഷപ്പ് വില്‍ഫ്രഡ് അനാഗ്‌ബെ സേവനം അനുഷ്ഠിക്കുന്ന നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ മകുര്‍ദി രൂപതയിലാണ് ക്രൈസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചിട്ടുള്ളത്. കഴിഞ്ഞ ദുഃഖവെള്ളി ദിനത്തില്‍, നൂറോളം ക്രിസ്ത്യന്‍ കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ഗ്ബാന്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പ് ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു. ഏപ്രില്‍ ഏഴിനു നടന്ന ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 40-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

'ആ ദൃശ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ കണ്ണീര്‍ വാര്‍ക്കും. അത്രയ്ക്ക് ക്രൂരമായിട്ടാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത്. ഞങ്ങളുടെ രാജ്യത്ത് പീഡനങ്ങളും കൊലപാതകങ്ങളും ദൈനംദിന സംഭവങ്ങളായി മാറുകയാണ്. ഇതെല്ലാം നടന്നിട്ടും അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല' - ബിഷപ്പ് കുറ്റപ്പെടുത്തി.

ബെന്യൂ സ്റ്റേറ്റില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്നൊന്നും പോലീസ് എത്തില്ല. അതിന് തലസ്ഥാനത്തു നിന്നും നിര്‍ദേശം എത്തണം. പോലീസിന് നിര്‍ദേശം ലഭിച്ചില്ലെങ്കില്‍ അവര്‍ പോകില്ല. ഈയൊരു സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ് ക്രൈസ്തവ നേതൃത്വം. ഞങ്ങള്‍ കൂട്ടിലടയ്ക്കപ്പെട്ട പോലെയാണ് - ബിഷപ്പ് ആശങ്ക പങ്കുവച്ചു.

2015 മുതല്‍ മകുര്‍ദിയിലെ ബിഷപ്പാണ് അനാഗ്ബെ. ഇസ്ലാമിക അജണ്ടയുടെ പൂര്‍ണമായ സാക്ഷാത്കാരത്തിനാണ് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നത്. എന്നാല്‍ തീവ്രവാദികളായ ഫുലാനി ഇടയന്മാര്‍, ഐ.എസിന്റെ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് തുടങ്ങിയ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്തത്.

ഫുലാനികള്‍ ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭൂരിപക്ഷമായിട്ടും ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ല. ഏകദേശം ആറു ദശലക്ഷം ജനസംഖ്യയുള്ള ബെന്യൂ സ്റ്റേറ്റില്‍ 99 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ബിഷപ്പ് അനാഗ്ബെ പറയുന്നു.

2022-ന്റെ തുടക്കം മുതല്‍, ബെന്യൂ സ്റ്റേറ്റില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 140 ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി കുറഞ്ഞത് 591 വിശ്വാസികളെങ്കിലും കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ കാരണം, ബെന്യൂ സ്റ്റേറ്റില്‍ മാത്രം 1.5 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ അവരുടെ വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടതായി ബിഷപ്പ് അനാഗ്‌ബെ വെളിപ്പെടുത്തുന്നു. ക്രിസ്ത്യാനികള്‍ ആണെന്ന എന്ന ഒറ്റക്കാരണത്താല്‍ പുരുഷന്മാരെ ക്രൂരമായി കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നു.

നിരന്തര ആക്രമണങ്ങള്‍ കാരണം ബെന്യൂ സ്റ്റേറ്റ് കൂടുതല്‍ നിരാശാജനകമായ അവസ്ഥയിലാണ്. വീടുകളും സ്‌കൂളുകളും ഉള്‍പ്പെടെ പതിവായി നശിപ്പിക്കപ്പെടുന്നു. അതേസമയം, അസാധ്യമെന്നു തോന്നുന്ന സാഹചര്യമുണ്ടായിട്ടും, ഇവിടുത്തെ ക്രൈസ്തവ വിശ്വാസികളും രൂപതയും ദൈവത്തില്‍ വിശ്വസിക്കുന്നത് തുടരുമെന്നും പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുമെന്നും ബിഷപ്പ് അനഗ്‌ബെ പറഞ്ഞു. ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്നത് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തി
പുരോഹിതനെ തട്ടിക്കൊണ്ടു പോയി


അതിനിടെ, സെന്‍ട്രല്‍ നൈജീരിയന്‍ നഗരമായ ജോസിലെ ഒരു റെക്ടറിയില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികള്‍ പുരോഹിതനെ തട്ടിക്കൊണ്ടു പോയി. ഫാ. മാര്‍സെല്ലസ് നവോഹുവോച്ച എന്ന വൈദികനെയാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയത്. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ഒബ്ലേറ്റ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് വിര്‍ജിന്‍ മേരി സന്യാസ സമൂഹത്തിലെ അംഗമായ വൈദികനെ ജൂണ്‍ പതിനെട്ടിന് പുലര്‍ച്ചെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്.

അജ്ഞാതരായ തോക്കുധാരികള്‍ സെക്യൂരിറ്റിക്കു നേരെ വെടിയുതിര്‍ക്കുകയും വൈദികനെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. എവിടേക്കാണ് വൈദികനെ കൊണ്ടുപോയതെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് മരിച്ചു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന സമയത്തും സ്വകാര്യപ്രാര്‍ത്ഥനകളിലും ഫാ. മാര്‍സെല്ലസിന്റെ സുരക്ഷയ്ക്കും മോചനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ആഹ്വാനം ചെയ്തു.

നൈജീരിയയിലെ കത്തോലിക്കാ പുരോഹിതന്മാര്‍ക്കും ഡസന്‍ കണക്കിന് ക്രിസ്ത്യാനികള്‍ക്കുമെതിരായ ഏറ്റവും പുതിയ അക്രമസംഭവമാണ് ഈ വൈദികന്റെ തട്ടിക്കൊണ്ടു പോകല്‍. നൈജീരിയയിലെ കടുന അതിരൂപതയില്‍ നിന്നും മാര്‍ച്ചില്‍ തട്ടിക്കൊണ്ടു പോയ ഒരു വൈദികനെ മെയ് മാസത്തില്‍ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.

എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) എന്ന അന്താരാഷ്ട്ര ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, നൈജീരിയയില്‍ 2021 ജനുവരിക്കും 2022 ജൂണിനുമിടയില്‍ 7,600 ക്രൈസ്തവര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.