പിടിച്ചു നില്‍ക്കാന്‍ പോലും പണമില്ല; കറാച്ചി തുറമുഖം യു.എ.ഇയ്ക്ക് കൈമാറാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍

പിടിച്ചു നില്‍ക്കാന്‍ പോലും പണമില്ല; കറാച്ചി തുറമുഖം യു.എ.ഇയ്ക്ക് കൈമാറാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍

ഇസ്ലമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല യു.എ.ഇയ്ക്ക് കൈമാറാനൊരുങ്ങുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള വായ്പ ലഭിക്കുന്നതില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ അടിയന്തരമായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

കഴിഞ്ഞ ദിവസം പാകിസ്ഥന്‍ ധനകാര്യ മന്ത്രി ഇഷാഖ് ധറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് ക്യാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം യു.എ.ഇയ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചത്.

പോര്‍ട്ടിന്റെ നടത്തിപ്പും സംരക്ഷണവും നിക്ഷേപവും സംബന്ധിച്ച കരട് രേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. അന്തിമ കരാര്‍ സമുദ്രകാര്യ മന്ത്രി ഫൈസല്‍ സാബ്സ്വാരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കാനും തീരുമാനിച്ചു.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്നേഴ്സ് ടെര്‍മിനലിന്റെ നിയന്ത്രണത്തിലുള്ളതാണ് കറാച്ചി തുറമുഖം. കറാച്ചി തുറമുഖം ഏറ്റെടുക്കാന്‍ യു.എ.ഇ കഴിഞ്ഞ വര്‍ഷം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര നാണയ നിധിയുമായി നടത്തിയ ഇടപാട് പ്രകാരം ലഭിക്കേണ്ട 6.5 ബില്യണ്‍ ഡോളറിന്റെ വായ്പ അനിശ്ചിതത്വത്തിലായതോടെയാണ് പാകിസ്ഥാന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. 2019 ല്‍ ഒപ്പുവെച്ച കരാറിന്റെ കാലാവധി ഈ മാസം അവസാനിക്കും.

ഐ.എം.എഫില്‍ നിന്നുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡര്‍മാരുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ഉടന്‍ കൂടിക്കാഴ്ച നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.