സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരും; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരും; നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ടെസ്ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയുമായി ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കൂടിക്കാഴ്ച. 'ഞാന്‍ മോഡിയുടെ ഒരു ആരാധകനാണ്' എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മസ്‌കിന്റെ പ്രതികരണം.

ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതല്‍ പ്രത്യാശ ഇന്ത്യക്കുണ്ടെന്ന് കരുതുന്നു. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ മോഡി തങ്ങളെ പ്രേരിപ്പിക്കുന്നു. അത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. മോഡിയെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിച്ചു.

സൗരോര്‍ജ നിക്ഷേപത്തിന് ഇന്ത്യ ഏറെ മികച്ചതാണ്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും. കഴിയുന്നത്ര വേഗത്തില്‍ അത് ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഇലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ഇന്ത്യന്‍ സമൂഹം നല്‍കിയത്. ഇന്ന് യുഎന്‍ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും. നാളെ മോഡിക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണ് മോഡി യുഎസിലെത്തിയത്.

22ന് ബൈഡനും ജില്‍ ബൈഡനും മോഡിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോഡി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍ വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.