വമ്പന്‍മാര്‍ക്ക് അടിതെറ്റി; സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനും ജര്‍മനിക്കും തോല്‍വി

വമ്പന്‍മാര്‍ക്ക് അടിതെറ്റി; സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനും ജര്‍മനിക്കും തോല്‍വി

ലിസ്ബണ്‍: ഇന്ന് പുലര്‍ച്ചെ നടന്ന ഫിഫ സൗഹൃദ പോരാട്ടങ്ങളില്‍ വമ്പന്മാര്‍ക്ക് വീഴ്ച്ച. ആഫ്രിക്കന്‍ കൊടുങ്കാറ്റില്‍ താളം തെറ്റിയ ബ്രസീലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെനഗലും ലാറ്റിനമേരിക്കന്‍ കരുത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളമ്പിയ ജര്‍മനിയേയും പരാജയപ്പെടുത്തി.

തുല്യ ശക്തികളുടേതെന്ന് തോന്നിപ്പിക്കുന്ന പോരാട്ടമായിരുന്നു ബ്രസീല്‍-സെനഗല്‍ മത്സരം. ബ്രസീലിന്റെ കേളീ മികവിനെ കൗണ്ടര്‍ അറ്റാക്കിങിലൂടെ സെനഗല്‍ മറുപടി നല്‍കി. ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കളിമെനഞ്ഞ ബ്രസില്‍ ഗോള്‍മുഖത്തേക്ക് അപ്രതീക്ഷിത അറ്റാക്കുകള്‍ നടത്തി സെനഗല്‍ നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

പക്ഷെ ആദ്യ ലീഗ് എടുത്തത് ബ്രസീലായിരുന്നു. 11 ആം മിനുട്ടില്‍ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ലൂകാസ് പക്വേറ്റ ആദ്യ ഗോള്‍ നേടി. പിന്നീട് സെനഗലിന് വേണ്ടി ഡിയാലോ സമനില ഗോള്‍ നേടി. രണ്ടാം പകുതില്‍ 52-ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ സെനഗല്‍ ലീഡ് എടുത്തു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സെനഗല്‍ സാദിയോ മാനെയിലൂടെ മൂന്നാം ഗോളും നേടി.

58-ാം മിനുട്ടില്‍ മാര്‍ക്കിനസ് ഒരു ഗോള്‍ ബ്രസീലിനായി നേടി സ്‌കോര്‍ 3-2 എന്നാക്കിയെങ്കിലും സമനിലയിലേക്ക് എത്താന്‍ അവര്‍ക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ സെനഗല്‍ ഒരു ഗോള്‍ കൂടി സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചു. ഇരുവരും നേര്‍ക്കുനേര്‍ കളിച്ച മത്സരത്തില്‍ ഇതുവരെ ബ്രസീലിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 2019 ല്‍ 1-1 ന് സമനിലയില്‍ പിരിയുകയായിരുന്നു. അവസാന ഒമ്പതു മത്സരങ്ങളില്‍ ആദ്യമായാണ് ബ്രസീല്‍ ഒരു കളിയില്‍ 4 ഗോളുകള്‍ വഴങ്ങുന്നത്.

അതേസമയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളമ്പിയയുടെ ജയം. മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയത് ജര്‍മിനിയെ കൃത്യതയാര്‍ന്ന കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ കൊളമ്പിയ വീഴ്ത്തുകയായിരുന്നു. 54-ാം മിനിറ്റില്‍ ഡിയാസും 82-ാം മിനിറ്റില്‍ ക്വഡ്രാഡോയുമാണ് കൊളമ്പിയക്കു വേണ്ടി ഗോളുകള്‍ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.