സിഡ്നി: ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടതിനു പിന്നാലെ മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
കാൻബെറയിൽ 2018ന് ശേഷം ആദ്യമായാണ് -7.2 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്. 1986 ന് ശേഷമുള്ള ജൂണിലെ ഏറ്റവും താഴ്ന്ന താപനിലയാണിതെന്ന് വെതർസോണിലെ കാലാവസ്ഥാ നിരീക്ഷകനായ ബെൻ ഡൊമെൻസിനോ പറഞ്ഞു. -5.2C ആണ് സിഡ്‌നിയിൽ രേഖപ്പെടുത്തിയത്. 2010 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ജൂണിലെ പ്രഭാതമായിരുന്നു ബുധനാഴ്ചത്തേതെന്ന് ഡൊമെൻസിനോ പറഞ്ഞു.
ന്യൂകാസിൽ രാവിലെ ഏഴ് മണിക്ക് ശേഷം 4.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 23 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമായിരുന്നു ബുധനാഴ്ചത്തേത്. മെൽബണിൽ 4.2 ഡിഗ്രി സെൽഷ്യസായിരുന്നു താപ നില, കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയാണിത്. തലസ്ഥാന നഗരത്തിന് പുറത്ത് പലയിടത്തും അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി. ബാതർസ്റ്റ് (-7.5C), മുഡ്‌ജി (-6.9C), ഓറഞ്ച് (-6.6C), ഡബ്ബോ (-4.7C), കാംബെൽടൗൺ (-1.6C), കാസിനോ (-0.2C), ഗെയ്‌ൻഡ (0.3C) എന്നിങ്ങനെയാണ് കണക്ക്.
ഈ വർഷത്തെ താപനില ശരാശരിയേക്കാൾ പത്ത് ഡിഗ്രി സെൽഷ്യസ് കുറഞ്ഞതായി ബെൻ ഡൊമെൻസിനോ പറഞ്ഞു. തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയുടെ മുകളിൽ ഉയർന്ന മർദ്ദ സംവിധാനമുണ്ട്. അത് തെളിഞ്ഞ ആകാശത്തിനും നേരിയ കാറ്റിനും കാരണമാകും. അതിനാൽ അടുത്ത ദിവസങ്ങളിലും രാത്രിയിലും അതി രാവിലെയും താപനില കുറയുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ടാസ്മാനിയ, സെൻട്രൽ ക്വീൻസ്ലാൻഡ് എന്നീ പ്രദേശങ്ങളിൽ വ്യാപകമായ മഞ്ഞിന് സാധ്യതയുണ്ട്. വടക്ക്-കിഴക്ക് ഭാഗത്ത് ശക്തമായ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.