കൊച്ചി: അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ചു നടക്കുന്ന ആശങ്കയിലാഴ്ത്തുന്ന വാർത്തകൾ കേരള സമൂഹത്തിന്റെ വികൃത മുഖത്തെ തുറന്നു കാട്ടുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ള സ്നേഹത്തിൽ ഊറ്റം കൊള്ളുമ്പോൾ മനുഷ്യന്റെ ഉള്ളു പൊള്ളിക്കുന്ന ഇത്തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. റോഡിൽ പോക്കറ്റടി പോലെ ആശുപത്രികളിൽ അവയവ മോഷണമാണ് നടക്കുന്നത്. വൃക്കയും കരളും ഹൃദയവും കണ്ണിന്റെ കോർണിയ പോലും ഇത്തരത്തിൽ വെറും വിൽപ്പന ചരക്കായി കണ്ട് ഇടനിലക്കാരിലൂടെ അവയവ മാഫിയ കേരളത്തിൽ സജീവമാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തു വന്നിട്ട് അധികമൊന്നും ആയിട്ടില്ല എന്നുള്ള വസ്തുതയെ കെസി.വൈ.എം വളരെ ഗൗരപൂർവം നോക്കി കാണുന്നു.
2009 നവംബർ 29 ന് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ഡിസംബർ ഒന്നിന് മസ്തിഷ്ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും വൃക്കയും കരളും മറ്റൊരാളിൽ മാറ്റിവക്കുകയും ചെയ്തു. യുവാവിന് ആവശ്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടെന്നു് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി നൽകിയ പരാതിയിൽ നിയമം ലംഘിച്ച് യുവാവിന്റെ അവയവം ഒരു വിദേശ പൗരനിൽ മാറ്റി വച്ചതിനെക്കുറിച്ചും പരാമർശമുണ്ട്. അപകടത്തിൽ തലയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിട്ടും അതു നീക്കം ചെയ്യാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉടനെ എച്ച് ഐ വി ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തുകയും മസ്തിഷ്ക്ക മരണം സ്ഥിതീകരിക്കുന്നതിന് മുൻപ് തന്നെ അവയവ മാറ്റത്തിനുള്ള വിദഗ്ദ്ധ സംഘം രോഗിയെ സന്ദർശിച്ച് ലിവറിന്റെ പ്രവർത്തനം പരിശോധിച്ചതും സംശയം ജനിപ്പിക്കുന്നത് തന്നെയാണ്. അവയവ മാറ്റി വയ്ക്കൽ നിയമത്തിന്റെ പല ലംഘനങ്ങളും നടന്നിട്ടും അതു മെഡിക്കൽ സുപ്രണ്ടിന്റെ ശ്രദ്ധയിൽ പെടാത്തതും അതിശയോക്തി തന്നെയാണ്. ഈ വിഷയത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരണമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സാധാരണയായി അപകടത്തിൽ മരണപ്പെടുന്നവരുടെയോ മസ്തിഷ്ക്ക മരണം സംഭവിക്കുന്നവരുടെയോ അവയവങ്ങളാണ് ബന്ധുക്കളുടെ അനുമതിയോടെ മാറ്റി വയ്ക്കുന്നത്. എന്നാൽ ഈ അവയവങ്ങൾ ആർക്കു നൽകുന്നു എന്നുള്ളത് പലപ്പോഴും അജ്ഞാതമാണ്. ആശുപത്രികള്‍ക്ക് അവയവ കച്ചവടത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടത്തോടൊപ്പം അവയവ മാറ്റത്തിനു വിധേയമായവരുടെ തുടര്‍ ചികിത്സാ ഇനത്തിലും വന്‍ നേട്ടം കൊയ്യാനാകുന്നു. അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ചു മാത്രമാണ് പലപ്പോഴും എല്ലാവരും ചർച്ച ചെയ്യുന്നത്. എന്നാൽ അതിന്റെ പിന്നിലെ കച്ചവട താല്പര്യങ്ങൾ പലപ്പോഴും നാം കാണാതെ പോകുന്നു. മനുഷ്യജീവന് പുല്ലുവില കൽപ്പിച്ച് പല ജീവനുകളും മസ്തിഷ്‌ക്ക മരണമായി തള്ളി കൊന്നൊടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ കിരാതമായ പ്രവൃത്തികൾക്കെതിരെ ശബ്‍ദമുയർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിലയിടാൻ സാധിക്കാത്ത മനുഷ്യ ജീവനെ വില പേശി വിൽക്കുന്ന ഇത്തരക്കാർക്കും അവർക്കു കുട പിടിക്കുന്ന വൻകിട ഹോസ്പ്പിറ്റലുകൾക്കുമേതിരെ കെ.സി.വൈ.എം സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, ഇത്തരക്കാർക്കെതിരെ നാം ഒറ്റക്കെട്ടായി പ്രവർത്തിച്ചേ മതിയാവൂ എന്നും സമിതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.