ബംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ഇന്ത്യ ആദ്യ വിജയം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക്ക് നേടി. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
ശക്തമായ ടീമിനെയാണ് പാകിസ്ഥാനെതിരേ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. ക്യാപ്ഷന്‍ സുനില്‍ ഛേത്രിയിലൂടെ 10-ാം മിനിറ്റില്‍ ഇന്ത്യ മത്സരത്തില്‍ ലീഡെടുത്തു.
പാകിസ്ഥാന്‍ ഗോള്‍കീപ്പര്‍ സാഖിബ് ഹനീഫിന്റെ മണ്ടത്തരമാണ് ഗോളിന് വഴിവെച്ചത്. പാക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സാഖിബിന്റെ ശ്രമം പാളി. ഗോള്‍കീപ്പറുടെ കാലില്‍ നിന്ന് തെന്നിമാറിയ പന്ത് അനായാസം പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
ഒരു ഗോള്‍ വഴങ്ങിയതിന്റെ ആഘാതം വിട്ടുമാറും മുമ്പ് പാകിസ്ഥാന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. ഇത്തവണയും ഛേത്രി തന്നെയാണ് വലകുലുക്കിയത്. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചു. ബോക്സിനുള്ളില്‍ വെച്ച് പാക് പ്രതിരോധതാരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്നാണ് റഫറി ഹാന്‍ഡ്ബോളും പെനാല്‍റ്റിയും വിളിച്ചത്.
ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ പ്രതിരോധം പകച്ചു. 45-ാം മിനിറ്റില്‍ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചു. പിന്നാലെ പാക് പരിശീലകനും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ റഫറി ഇന്ത്യന്‍ കോച്ച് സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡും പാക് പരിശീലകന് മഞ്ഞക്കാര്‍ഡും നല്‍കി.
73-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. ഛേത്രിയാണ് ക്വിക്ക് എടുത്തത്. ഇതോടെ താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. പിന്നാലെ 81-ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ ഇന്ത്യ നാലാം ഗോളും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.