വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

പാലക്കാട്: വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തില്‍ വച്ച് കീറിക്കളഞ്ഞുവെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യാജ രേഖ ചമച്ചില്ലെന്നായിരുന്നു വിദ്യ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കെതിരെ ഉണ്ടായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ നിരത്തിലുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചു. 

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തത്. വ്യാജരേഖയുടെ അസൽ പകർപ്പ് അവർ നശിപ്പിച്ചതായാണ് പറയുന്നത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമിച്ച് അവ അക്ഷയ സെൻ്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രിൻ്റെടുത്ത ശേഷം അതിൻ്റെ പകർപ്പാണ് അട്ടപാടി കോളേജിൽ നൽകിയത്. 

പിടിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ ആദ്യം എടുത്ത പ്രിൻ്റ് കീറി കളഞ്ഞു. കരിന്തളം കോളജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിർമിച്ചതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 

എന്നാൽ അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ല, ആരോഗ്യം, സ്ത്രീ എന്ന പരിഗണന വേണം തുടങ്ങിയവയായിരുന്നു വിദ്യയുടെ വാദം. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്നതടക്കം നിർദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.