തിരിച്ചടിച്ച് റഷ്യ; വാഗ്‌നര്‍ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍ സൈനിക വിന്യാസം

തിരിച്ചടിച്ച് റഷ്യ; വാഗ്‌നര്‍ സേനയെ പ്രതിരോധിക്കാന്‍ മോസ്‌കോ നഗരത്തില്‍ സൈനിക വിന്യാസം

വാഗ്നര്‍ സേനയ്ക്ക് പിന്തുണയുമായി റഷ്യന്‍ സൈനികരും

മോസ്‌കോ: റഷ്യയില്‍ വിമത നീക്കവുമായി രംഗത്തിറങ്ങിയ വാഗ്നര്‍ സൈന്യത്തില്‍ നിന്നും മോസ്‌കോ നഗരത്തെ സംരക്ഷിക്കാന്‍ തിരിച്ചടിച്ച് റഷ്യന്‍ സൈന്യം. മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സൈന്യം വാഗ്നര്‍ വാഹന വ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വാഗ്നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചത്. അതിര്‍ത്തി മേഖലയ്ക്ക് അടുത്ത റഷ്യന്‍ നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ചില റഷ്യന്‍ സൈനികരുടെ പിന്തുണയും വാഗ്‌നര്‍ ഗ്രൂപ്പിന് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെ കൂടെ സഹായത്താലാണ് റോസ്‌തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത് എന്നാണ് സൂചന.

മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നര്‍ സൈന്യം റോസ്തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി നേരത്തെ വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. പിന്നാലെയാണ് റഷ്യന്‍ സേന മോസ്‌കോയെ സംരക്ഷിക്കാന്‍ നിലയുറപ്പിച്ചതായും പ്രത്യാക്രമണം നടത്തിയതായുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വാഗ്നര്‍ സൈനികരെ റഷ്യന്‍ സൈന്യം ആക്രമിച്ചതായി യെവ്‌ഗെനി പ്രിഗോഷിന്‍ പ്രതികരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വാഹന വ്യൂഹത്തിന് നേരെ ടാങ്കറുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്ററില്‍ നിന്നും വെടിയുതിര്‍ത്തു എന്നും പ്രിഗോഷിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് നഗരങ്ങള്‍ വിമത സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന്റെ ആസ്ഥാനമായ റഷ്യന്‍ സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാന്‍ഡ് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പിന്നാലെ മോസ്‌കോ ലക്ഷ്യം വച്ച് നീങ്ങിയ വിമത സൈന്യം വാറോനെജിലെ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. ഈ നഗരത്തിന് സമീപം വലിയ സ്ഫോടനം നടന്നതായും പിന്നീട് റിപ്പോട്ടുകള്‍ ഉണ്ടായി. പിന്നാലെ വോറോനെഷിനെയും മോസ്‌കോയെയും ലിപെറ്റ്സ്‌ക് മേഖലയെയും ബന്ധിപ്പിക്കുന്ന എം 4 മോട്ടോര്‍വേയിലുടെ നീങ്ങുന്ന വാഗ്നര്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് തള്ളി. പുടിന്‍ തന്റെ ഔദ്യോഗിക വസതിയില്‍ ജോലിത്തിരക്കിലാണെന്ന് ദിമിത്രി പറഞ്ഞു. വാഗ്‌നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ആരംഭിച്ചതിന് പിന്നാലെ, മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം.

റഷ്യയിലെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.