കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ ശക്തം; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോക രാഷ്ട്രങ്ങള്‍

കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ ശക്തം; യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോക രാഷ്ട്രങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ലോക രാഷ്ട്രങ്ങള്‍. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചു തുടങ്ങി. ആദ്യ വൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ ഇത് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

സമാന സ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്േട്രലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ച ചെയ്തുവരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു.

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കത്തിന്റെ ഭഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് അടിയന്തര യോഗം ചേരും. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടര്‍ന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക്ക് അറിയിച്ചു.

വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ സൗദിയും കുവൈറ്റും എല്ലാ വിദേശ വിമാന സര്‍വ്വീസുകളും റദ്ദാക്കി. കടല്‍, കര മാര്‍ഗങ്ങളിലൂടെ അന്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. ബെല്‍ജിയം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്.

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. ജനുവരി ഒന്നുവരെ ബ്രിട്ടനില്‍ നിന്നുള്ള വിമാന യാത്രയ്ക്ക് നെതര്‍ലന്‍ഡ്‌സ് വിലക്കേര്‍പ്പെടുത്തി. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തു നടത്തിയ പരിശോധനയിലും ചിലരില്‍ കണ്ടെത്തിയതോടെയാണ് നെതര്‍ലന്‍ഡ്‌സിന്റെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.