സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്‍ഫ്‌ളുവന്‍സ പനി വ്യാപിക്കുന്നതിനെതുടര്‍ന്ന് ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നു. രോഗബാധിതര്‍ അധികവും കുട്ടികളാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പെര്‍ത്തില്‍ മൂന്ന് വയസുകാരന്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ ജാഗ്രതയിലാണ്.
ഈ വര്‍ഷത്തെ ഇന്‍ഫ്‌ളുവന്‍സ സീസണ്‍ ആരംഭിച്ചതു മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 80 ശതമാനവും കുട്ടികളാണ്. 2023 ലെ ഫ്‌ളൂ സീസണ്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഫ്‌ളൂ സീസണുകളില്‍ ഒന്നായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളില്‍ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്. കുട്ടികള്‍ ദുര്‍ബലരായതിനാലും അവര്‍ക്കിടയിലെ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ നിരക്ക് കുറവായതുമാണ് രേഗബാധിതര്‍ വര്‍ധിക്കാന്‍ കാരണം.
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് പനിക്കാലമാണ് 2019-ലുണ്ടായത്. 300,000-ത്തിലധികം ഇന്‍ഫ്‌ളുവന്‍സ കേസുകളാണ് അന്നു രേഖപ്പെടുത്തിയത്. അതിനു സമാനമായ പാതയിലാണ് ഈ വര്‍ഷത്തെ പനിക്കാലം.
ഇതുവരെ 1,07,941 ഫ്‌ളൂ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 48,873 പേര്‍ 15 വയസില്‍ താഴെയുള്ളവരും 22,365 പേര്‍ അഞ്ച് മുതല്‍ ഒമ്പത് വയസു വരെയുള്ളവരുമാണ്. ഫ്‌ളൂ സീസണ്‍ തീരാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്.
ഏപ്രില്‍ അവസാനം പനിക്കാലം ആരംഭിച്ചതുമുതല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 80 ളതമാനം കുട്ടികളാണ്. ഈ വര്‍ഷം ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് ആശുപത്രി കേസുകള്‍ വര്‍ധിക്കാന്‍ കാരണം.
2020-ലെ ഫ്‌ളൂ സീസണിന്റെ ഈ സമയം, ആറ് മാസം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി. എന്നാല്‍ ഈ വര്‍ഷം ഇത് 20 ശതമാനം മാത്രമാണ്. 2020 ല്‍ അഞ്ച് മുതല്‍ 15 വയസ് വരെയുള്ളവരില്‍, 25 ശതമാനത്തിന് വാക്‌സിന്‍ നല്‍കി. എന്നാല്‍ ഇപ്പോള്‍ ഈ കണക്ക് വെറും 12 ശതമാനമാണ്.
അഞ്ച് വയസില്‍ താഴെയുള്ള കൊച്ചുകുട്ടികളാണ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള വിഭാഗം.
ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം, രോഗപ്രതിരോധം എന്നിവയില്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ക്കാണ് ഇന്‍ഫ്‌ളുവന്‍സ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. എങ്കിലും ഓരോ വര്‍ഷവും പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളില്‍ പകുതിയിലേറെയും ആരോഗ്യപ്രശ്‌നങ്ങളിലാത്തവരാണെന്നതാണ് ആശ്വാസകരം. അപൂര്‍വമാണെങ്കിലും, ആരോഗ്യമുള്ള കുട്ടികളിലും ഫ്‌ളൂ മരണങ്ങള്‍ സംഭവിക്കാറുണ്ട്.
കുട്ടികളുടെ മൂക്കിലെ സ്രവങ്ങളില്‍ വലിയ അളവിലുള്ള വൈറസുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം സുഖമായാലും വൈറസുകള്‍ അവിടെയുണ്ടാകും. കുട്ടികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടുത്തുള്ളവരുടെ മേല്‍ തെറിക്കും. അതിലൂടെ അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും ഇളയ സഹോദരങ്ങളെയും രോഗം വേഗത്തില്‍ ബാധിക്കും. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് അസുഖം വരാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.
എന്താണ് ഇന്‍ഫ്‌ളുവന്‍സ?
ഇന്‍ഫ്‌ളുവന്‍സയെ ഫ്‌ളൂ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. സാധാരണ പനിയില്‍ നിന്നും ഗുരുതരമായ ലക്ഷണങ്ങളാണ് ഇന്‍ഫ്‌ളുവന്‍സയ്ക്ക് കണ്ടുവരുന്നത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ ഒരു ശ്വാസകോശ വൈറസ് കൂടിയാണ്. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാന്‍ വളരെ എളുപ്പമാണ് എന്നതുകൊണ്ട് തന്നെ ജാഗ്രത പാലിച്ചേ മതിയാകൂ. ആറടി ദൂരത്തില്‍ വരെ ഇന്‍ഫ്‌ളുവന്‍സ വൈറസിന് എളുപ്പത്തില്‍ സഞ്ചരിക്കാനാകും എന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു.
ഇന്‍ഫ്‌ളുവന്‍സയുടെ സാധാരണ ലക്ഷണങ്ങള്‍ ഇവയാണ്:
ചുമ
മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക്
തൊണ്ടവേദന
പനി
ക്ഷീണം
തലവേദന
ശരീര വേദന
കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ എടുക്കുന്നത് പകുതിയിലധികം അണുബാധകളെ തടയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗബാധിതരാണെങ്കില്‍പ്പോലും, വാക്‌സിനേഷന്‍ എടുത്ത കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26