മോസ്‌കോയിലേക്ക് നീങ്ങിയത് പുടിനെ അട്ടിമറിക്കാനല്ല; പ്രതിഷേധം അറിയിക്കാനെന്ന് വാഗ്നർ മേധാവിയുടെ വെളിപ്പെടുത്തൽ

മോസ്‌കോയിലേക്ക് നീങ്ങിയത് പുടിനെ അട്ടിമറിക്കാനല്ല; പ്രതിഷേധം അറിയിക്കാനെന്ന് വാഗ്നർ മേധാവിയുടെ വെളിപ്പെടുത്തൽ

മോസ്‌കോ: മോസ്‌കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുടിന്‍ സര്‍ക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടല്ലെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍. മറിച്ച് പ്രതിഷേധം അറിയിക്കാനാണ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയതെന്ന് പ്രിഗോഷിന്‍ വെളിപ്പെടുത്തി. 

സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലൂടെ പ്രിഗോഷിന്‍ വാഗ്നര്‍ സേനയുടെ നാടകീയ നീക്കങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

വാഗ്നറുകളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.

രാജ്യത്തുടനീളം വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ സേനയ്ക്ക് വളരെ എളുപ്പത്തില്‍ റഷ്യന്‍ പട്ടാളത്തെ മറികടക്കാനും തടയാനും കഴിഞ്ഞു. വാഗ്നനറുകളെ പോലുള്ളവരാണ് ആദ്യം ആക്രമണം നടത്തിയിരുന്നതെങ്കില്‍ ഉക്രയ്ൻ ഓപ്പറേഷന്‍ വളരെ നേരത്തെ തന്നെ അവസാനിപ്പിക്കേണ്ടി വരുമായിരുന്നെന്നും പ്രിഗോഷിന്‍ പറഞ്ഞു.

വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിന് ശ്രമമുണ്ടായി. ഇതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന്‍ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.