നോയമ്പിന്റെ നാലാം ഞായറാഴ്‌ചയായ ഡിസംബർ 20ന് പതിവുപോലെ മാർപാപ്പാ സന്ദേശം കൊടുക്കാനെത്തി . തന്റെ പ്രസംഗത്തിൽ ഈശോയുടെ ജനനത്തെ പറ്റി വി മത്തായി സുവുശേഷകൻ ഒന്നാം അധ്യായത്തിൽ വിവരിക്കുന്ന ഭാഗങ്ങളിലൂടെ ആണ് പാപ്പാ യാത്ര ചെയ്തത്. മംഗളവർത്തക്കാലം ആരംഭിച്ചതുമുതൽ ബത്‌ലഹേമിലേക്കുള്ള ഒരു യാത്രയിലാണ് നാമെല്ലാവരും.കാലിത്തൊഴുത്തിന്റെ പടിവാതിക്കൽ നാമിന്നു എത്തിയിരിക്കുകയാണ്.ഈശോയുടെ ജനനത്തെപ്പറ്റി ധ്യാനിക്കാൻ തിരുസഭ നമ്മോടു ആവശ്യപ്പെടുകയാണ്. എന്നാൽ ക്രിസ്തുമസ്സിന്റെ അന്ന് വി ലൂക്ക വിവരിച്ചിരിക്കുന്ന ഈശോയുടെ ജനന വിവരണം അമ്മയുടെ കണ്ണുകളിലൂടെ നാം ധ്യാനിക്കുമ്പോൾ അതിനു തൊട്ടുമുൻപുള്ള ഈ ഞായറാഴ്ച വി യൗസേപ്പിതാവിന്റെ കണ്ണുകളിലൂടെയുള്ള ഈശോയുടെ ജനന വിവരണമാണ് നാം ധ്യാനിക്കുന്നത്.
വചനത്തിലുടനീളം ദൈവം തന്റെ സന്ദേശം പലവിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് നാം വായിച്ചിട്ടുണ്ട്. ആദിമാതാപിതാക്കളെ സംബന്ധിച്ച് ദൈവം അവർക്ക് ഏറ്റം അടുത്ത ഒരാളായിരുന്നു. ദൈവം തോട്ടത്തിൽ ഉലാത്തുന്ന ശബ്ദം അവർ കേട്ടിരുന്നു. ദൈവത്തിന്റെ സാമീപ്യം അവർ അനുഭവിച്ചിരുന്നു. അബ്രാഹത്തിനാകട്ടെ ദൈവം ഒരു ശബ്ദമായിരുന്നു. അബ്രഹാം ദൈവത്തെ കണ്ടുമുട്ടിയത് ദൈവത്തിന്റെ ശബ്ദത്തിൽകൂടി ആയിരുന്നു. എന്നാൽ ഇന്ന് യൗസെപ്പ് ഒരു സ്വപ്നത്തിന്റെ രൂപത്തിലാണ് ദൈവത്തെ കാണുന്നത്.കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ യൗസേപ്പിനോട് സംസാരിക്കുന്നു.
നമ്മുടെ ജീവിതത്തിൽ ദൈവം എങ്ങിനെ ഇടപെടുന്നു എന്ന് തിരിച്ചറിയാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് യൗസേപ്പ് പിതാവ് ഇന്ന് തരുന്നത്. അത് ചിലപ്പോൾ മാതാപിതാക്കളിൽ കൂടിയോ സഹോദരങ്ങളിൽകൂടിയോ ഒരുപക്ഷെ നമ്മുടെ ശത്രുക്കളെന്നു നാം കരുതുന്നവരിൽക്കൂടിയോ ആവാം.ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് എങ്ങിനെ ആണെന്ന് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് നാം തെറ്റായ തീരുമാനങ്ങൾ എടുക്കാൻ ഇടയാവുന്നത്. അതുകൊണ്ട് ദൈവിക ഇടപെടലുകളെ തിരിച്ചറിയാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന ആകട്ടെ ഈ ഒരുക്കദിവസങ്ങളിൽ നമ്മിൽ നിറയുന്നത്.
'ഈശോയുടെ അമ്മയായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ അവർ സഹവസിക്കുന്നതിനു മുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു'. (മത്താ:1:18)പ.മറിയത്തെപ്പോലുള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സമൂഹത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. യഹൂദ സംസ്കാരത്തിൽ ഇപ്രകാരമുള്ള ഒരു സ്ത്രീയെ സമൂഹം അപമാനിക്കാം. സാധാരണഗതിയിൽ മറിയത്തെ അപമാനത്തിനു വിട്ടുകൊടുത്തുകൊണ്ട് ഉപേക്ഷിച്ചുപോകാനുള്ള ഒരു വഴി ആണ് യൗസേപ്പിന്റെ മുൻപിൽ തെളിഞ്ഞു വന്നത്. എന്നാൽ ക്രിസ്തുവിന്റെ കണ്ണുകളിൽ കൂടി പ്രതികൂല സാഹചര്യങ്ങളെ നോക്കിക്കാണാനുള്ള യൗസേപ്പിന്റെ തിരിച്ചറിവ് നാം ഇവിടെ കാണുന്നു.
മത്തായി 5: 20ൽ ക്രിസ്തു പറയുന്നു : "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് ഞാൻ നിങ്ങളോടു പറയുന്നു". നീതിക്കു ക്രിസ്തു കൊടുത്ത നിർവ്വചനത്തെ ക്രിസ്തു ജനിക്കുന്നതിനു മുൻപ് സ്വന്തമാക്കിയവനാണ് യൗസേപ്പ് പിതാവ് .ഇതുകൊണ്ടാണ് ക്രിസ്തുവിന്റെ വളർത്തുപിതാവായി വി ഔസേപ്പിനെ ദൈവം തെരഞ്ഞെടുത്തത്. ഇന്ന് ബത്‌ലഹേമിന്റെ പടിവാതിൽക്കൽ ഇരിക്കുമ്പോൾ വി യൗസേപ്പ് പറയുന്നതും ഇത് തന്നെയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ക്രിസ്തുവിന്റെ കണ്ണുകളിൽ കൂടി നോക്കിക്കാണണം എന്ന്.
ഈ ഒരുക്ക ദിവസങ്ങളിൽ വി യൗസേപ്പിന് നമ്മോടു പറയാനുള്ള മൂന്നാമത്തെ കാര്യം നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പാഴായിപ്പോകില്ല എന്നാണ് .പ്രതീക്ഷയോടെ കാത്തിരിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു .ദൈവത്തിന്റെ പദ്ധതി എത്ര അപ്രായോഗികമായി തോന്നിയാലും, പ്രതീക്ഷയോടെ കാത്തിരിക്കാൻ യൗസേപ്പ്പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു.
അവസാനമായി ദൈവത്തെ അനുസരിച്ച വി യൗസേപ്പിനെ വചനം കാണിച്ചുതരുന്നു . "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു." (മത്തായി 1 : 24 - 25) അനുസരണത്തിന്റെ ആത്മീയത സ്വന്തമാക്കിയവന് മാത്രമേ കാലിത്തൊഴുത്തിന്റെ മുറ്റത്തു ഇടമുള്ളൂ എന്ന് യൗസേപ്പ് പഠിപ്പിക്കുന്നു.പുൽത്തൊഴുത്തിലെ ക്രിസ്തുവിനെ കാണുവാനുള്ള അടിസ്ഥാന യോഗ്യത എന്നത് ദൈവിക പദ്ധതി അനുസരിക്കുക എന്നതാണ് .അതുകൊണ്ട് ഈ ഒരുക്കത്തിന്റെ നാളുകളിൽ ദൈവിക പദ്ധതികളോട് തുറവിക്കാണിക്കാൻ നമുക്ക് ആവുന്നുണ്ടോ എന്ന് വിചിന്തനം ചെയാം. ദൈവിക പദ്ധതി സമർപ്പണ മനോഭാവത്തോടെ നോക്കിക്കാണാൻ നമുക്ക് ആവുന്നുണ്ടോ ? 'ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ' വത്തിക്കാൻ സ്‌ക്വയറിൽ ജനങ്ങളെ അനുഗ്രഹിച്ചുകൊണ്ടു പാപ്പാ ഞായറാഴ്ച പ്രസംഗം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26