ഉരുക്കി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ നാസികള്‍ കൊള്ളയടിച്ച പള്ളി മണികള്‍ പോളണ്ടില്‍ തിരികെയെത്തിച്ചു

ഉരുക്കി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ നാസികള്‍ കൊള്ളയടിച്ച പള്ളി മണികള്‍ പോളണ്ടില്‍ തിരികെയെത്തിച്ചു

വാഴ്‌സ: നാസി ഭരണത്തിന്‍ കീഴില്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടില്‍ നിന്നും കൊള്ളയടിക്കപ്പെട്ട ദേവാലയമണികള്‍ പോളണ്ടില്‍ തന്നെ തിരികെയെത്തിച്ചു. ജര്‍മ്മന്‍ ബിഷപ്പിന്റെയും ജര്‍മ്മന്‍ സ്റ്റേറ്റ് പ്രീമിയറുടെയും നേതൃത്വത്തിലാണ് നാസികള്‍ മോഷ്ടിച്ച പള്ളി മണികള്‍ തിരികെയെത്തിച്ചത്. ഇതോടെ, ഒരുകാലത്ത് സംഘര്‍ഷത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകങ്ങളായിരുന്ന മണികള്‍ ഇപ്പോള്‍ ജര്‍മ്മനിയും പോളണ്ടും തമ്മിലുള്ള ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ്.

ജര്‍മനിയിലെ റോട്ടന്‍ബര്‍ഗ്-സ്റ്റട്ട്ഗാര്‍ട്ട് രൂപതയുടെ ബിഷപ്പ് ഗെബാര്‍ഡ് ഫര്‍സ്റ്റും ബാഡന്‍-വുര്‍ട്ടംബര്‍ഗിന്റെ പ്രീമിയര്‍ (മുഖ്യമന്ത്രി) വിന്‍ഫ്രഡ് ക്രെറ്റ്ഷ്മാനും ചേര്‍ന്നാണ് ദേവാലയമണികള്‍ പോളണ്ടില്‍ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരികെയെത്തിച്ച മണികള്‍ മൂന്ന് വ്യത്യസ്ത ഇടങ്ങളിലായി സ്ഥാപിച്ചു. പള്ളിമണികള്‍ യഥാര്‍ത്ഥത്തില്‍ സ്ട്രാസെവോ (മുമ്പ് ഡയട്രിച്ച്സ്ഡോര്‍ഫ്), ഫ്രംബോര്‍ക്ക് (ഫ്രൗന്‍ബര്‍ഗ്), സെഗോട്ടി (സീഗ്ഫ്രീഡ്സ്വാള്‍ഡെ) കമ്മ്യൂണിറ്റികളില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. യുദ്ധാനന്തരം ഈ മണികള്‍ ജര്‍മ്മനിയിലെ വുര്‍ട്ടംബര്‍ഗിലുള്ള കത്തോലിക്കാ പള്ളികളില്‍ സ്ഥാപിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധസമയത്ത്, അധിനിവേശ രാജ്യങ്ങളിലെ കമ്മ്യൂണിറ്റികളില്‍ നിന്ന് ഏകദേശം 1,00,000 മണികള്‍ നാസികള്‍ പിടിച്ചെടുത്തിരുന്നു. ഈ മണികള്‍ ഉരുക്കി ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്. യുദ്ധാനന്തരം, ബാക്കിയുള്ള 16,000 മണികള്‍ അവയുടെ യഥാര്‍ത്ഥ സ്ഥാനങ്ങളിലേക്ക് പുനഃസ്ഥാപിച്ചു. ബാക്കി പശ്ചിമ ജര്‍മ്മന്‍ പള്ളി കമ്മ്യൂണിറ്റികള്‍ക്ക് വിതരണം ചെയ്തു. ഈ ദേവാലയമണികളാണ് തിരികെ യഥാര്‍ത്ഥ നാടുകളിലേക്ക് എത്തിക്കുന്നത്.

'ഈ പള്ളി മണികള്‍ ഒരു ദുഷ്‌കരമായ ചരിത്രത്തിന് മാത്രമല്ല സമാധാനത്തിനും പ്രതീക്ഷയ്ക്കും സാക്ഷ്യം വഹിച്ചതായി എല്‍ബ്ലാഗ് രൂപതയിലെ ബിഷപ്പ് ജാസെക് ജെസിയര്‍സ്‌കി പള്ളി മണികള്‍ തിരികെ സ്ഥാപിച്ച ശുശ്രൂഷയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.