വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് കേരള സര്‍വകലാശാലയില്‍ ആജീവനാന്ത വിലക്ക്

വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് കേരള സര്‍വകലാശാലയില്‍ ആജീവനാന്ത വിലക്ക്

തിരുവനന്തപുരം: കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് കായംകുളം എംഎസ്എം കോളജില്‍ പ്രവേശനം നേടിയതുമായി ബന്ധപ്പെട്ട് പ്രതി നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. നിഖിലിന് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം.

നിഖിലിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് എംഎസ്എം കോളജ് നല്‍കിയ വിശദീകരണത്തില്‍ സിന്‍ഡിക്കേറ്റ് അതൃപ്തി രേഖപ്പെടുത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയാണ് വിശദീകരണം തേടുന്നത്. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കും.

അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പ്രത്യേക സെല്ലിന് സിന്‍ഡിക്കേറ്റ് രൂപം നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളിലെ ക്രമക്കേടുകളും കണ്ടെത്തുന്നതിനാണിത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക സെല്‍ വിശദമായി പരിശോധിക്കും.
മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് പുറത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് കേരള സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്തവരുടെ രേഖകളാണ് പരിശോധിക്കുന്നത്.

ഇതിനിടെ അറസ്റ്റിലായ നിഖില്‍ തോമസിനേയും നിഖിലിന് ഏജന്‍സി വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ അബിന്‍ രാജിനേയും പൊലീസ് തെളിവെടുപ്പിനെത്തിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ പാലാരിവട്ടത്തെ ഓറിയോന്‍ ഏഡ്യൂ വിങ്‌സ് പ്രവര്‍ത്തിച്ചിരുന്ന വീട്ടില്‍ എത്തിച്ചാണ് തെളിവെടുത്തത്. മാലിദ്വീപിലായിരുന്ന അബിന്‍ രാജിനെ തിങ്കളാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാളും മുന്‍ എസ്എഫ്ഐ നേതാവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.