ഓസ്‌ട്രേലിയയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കാന്‍ 50 ദശലക്ഷം ഡോളര്‍ ചെലവഴിക്കും; നഷ്ടപരിഹാരത്തുക വെളിപ്പെടുത്താതെ സര്‍ക്കാര്‍

ഓസ്‌ട്രേലിയയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കാന്‍ 50 ദശലക്ഷം ഡോളര്‍ ചെലവഴിക്കും; നഷ്ടപരിഹാരത്തുക വെളിപ്പെടുത്താതെ സര്‍ക്കാര്‍

കാന്‍ബറ: ഓസ്ട്രേലിയയിലെ കാന്‍ബറയിലുള്ള പ്രശസ്തമായ കത്തോലിക്ക ആശുപത്രി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. 50 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ബ്രൂസ് കാല്‍വരി ഹോസ്പിറ്റല്‍ ഏറ്റെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രി നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയാന്‍ അവസാന പ്രതീക്ഷയെന്ന നിലയില്‍ സുപ്രീം കോടതിയില്‍ ആശുപത്രി അധികാരികള്‍ നല്‍കിയ ഹര്‍ജിയും തള്ളിയതോടെ ജൂലൈ മൂന്നിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ബ്രൂസ് കാല്‍വരി ഹോസ്പിറ്റല്‍ ഏറ്റെടുത്ത് പൊതു ആശുപത്രിയാക്കാനാണ് ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി മതിയായ ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തില്‍ ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബ്രൂസ് കാല്‍വരി ഹോസ്പിറ്റല്‍ നിലനില്‍ക്കുന്ന സ്ഥലത്ത് പുതിയ ആശുപത്രി നിര്‍മിക്കുന്നതിനായി ഒരു ബില്യണ്‍ ഡോളറിലധികം അനുവദിക്കുമെന്നും 2025 ല്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2030-ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്രൂസ് കാല്‍വരി ആശുപത്രിയിലെ 1500-ലധികം ജീവനക്കാര്‍ കാന്‍ബറ ഹെല്‍ത്ത് സര്‍വീസസിനു കീഴിലേക്കു മാറുമെന്ന് ആരോഗ്യമന്ത്രി റേച്ചല്‍ സ്റ്റീഫന്‍-സ്മിത്ത് പറഞ്ഞു. ജീവനക്കാര്‍ അവരവരുടെ നിലവിലുള്ള ചുമതലകളില്‍ തുടരും. കഴിഞ്ഞ 44 വര്‍ഷമായി കാന്‍ബറയിലെ ജനങ്ങള്‍ക്ക് പരിചരണം നല്‍കുന്നതില്‍ കാല്‍വരി സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച സര്‍ക്കാര്‍ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. അതേസമയം, നിര്‍ബന്ധിത ഏറ്റെടുക്കലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കാല്‍വരി ഹെല്‍ത്ത് കെയറിനു നല്‍കേണ്ട നഷ്ടപരിഹാരത്തിനായുള്ള എസ്റ്റിമേറ്റുകളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കാന്‍ബറ ഹോസ്പിറ്റലിന്റെ ഭാഗമായി ക്രിട്ടിക്കല്‍ സര്‍വീസസ് ബില്‍ഡിംഗ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രമീയര്‍ ആന്‍ഡ്രൂ ബാര്‍ പറഞ്ഞു.

2010ല്‍ 77 മില്യണ്‍ ഡോളറിന് ആശുപത്രി വാങ്ങാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നെങ്കിലും വത്തിക്കാനില്‍ നിന്ന് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് പറഞ്ഞ് ഉടമകളായ ലിറ്റില്‍ കമ്പനി ഓഫ് മേരി ഹെല്‍ത്ത് കെയര്‍ അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്നാണ് ആശുപത്രി നിര്‍ബന്ധിതമായി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങിയത്.

ജൂലൈ ആദ്യം നടക്കുന്ന ആശുപത്രി കൈമാറ്റത്തിനായി ഒരു 'ട്രാന്‍സിഷന്‍ ടീം' രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ 49.7 മില്യണ്‍ ഡോളര്‍ അനുവദിച്ചു.

44 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനൊടുവില്‍ അപ്രതീക്ഷിതമായും ഏകപക്ഷീയമായും ആശുപത്രി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്ന് കാല്‍വരി ആശുപത്രി മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ആശുപത്രിയെ ഏറ്റെടുക്കലില്‍നിന്ന് രക്ഷിക്കാനുള്ള കാമ്പെയ്‌ന്റെ തലവന്‍ ഫാ. ടോണി പെര്‍സി വിഷയത്തില്‍ പാര്‍ലമെന്റംഗങ്ങളെ പ്രതിഷേധം അറിയിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.