'മണിപ്പൂരില്‍ ആദ്യ പരിഗണന നല്‍കേണ്ടത് സമാധാനത്തിന്': ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുല്‍

'മണിപ്പൂരില്‍ ആദ്യ പരിഗണന നല്‍കേണ്ടത് സമാധാനത്തിന്': ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുല്‍

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ തന്നെ പൊലീസ് തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പുരിലെ സഹോദരീ, സഹോദരന്‍മാരെ കാണാനാണ് എത്തിയത്. സമാധാനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

ചുരാചന്ദ്പുരിലെ ഗ്രീന്‍വുഡ് ദുരിതാശ്വാസ ക്യാമ്പിലെത്തി കലാപബാധിതരെ സന്ദര്‍ശിച്ച രാഹുല്‍ ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഇംഫാലിലേക്ക് മടങ്ങി.

ചുരാചന്ദ്പൂരിലെ കുക്കി വിഭാഗാക്കരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പാണ് ഗ്രീന്‍വുഡ്. ഇവിടെ നിന്ന് മടങ്ങിയ രാഹുല്‍ ഗാന്ധി, മെയ്‌തേയി വിഭാഗക്കാരെ താമസിപ്പിച്ചിരിക്കുന്ന ഐഡില്‍ വനിതാ കോളജിലും സന്ദര്‍ശനം നടത്തി.

നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരില്‍ എത്തിയത്. ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്തിയ രാഹുല്‍, ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇവിടേക്ക് റോഡ് മാര്‍ഗം വരാനുള്ള രാഹുലിന്റെ ശ്രമത്തെ മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു.

ചുരാചന്ദ്പൂരിലെ സന്ദര്‍ശനത്തിന് ശേഷം മൊയ്‌റാങിലേക്ക് പോകാന്‍ രാഹുലിന് പൊലീസ് അനുമതി നിഷേധിച്ചു. ചുരാചന്ദ്പൂരിന് ശേഷം ബിഷ്ണുപൂരിലെ മൊയ്‌റാങിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ മൊയ്‌റാങിലേക്ക് പോകാന്‍ റോഡ് മാര്‍ഗവും വ്യോമ മാര്‍ഗവും അനുമതി ലഭിച്ചില്ല. നാളെ സന്ദര്‍ശനം തുടരാനാകുമോ എന്നതിലും അവ്യക്തത തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.